സാംപോളിയുടെ കയ്യിലല്ല കാര്യങ്ങളെന്ന് മാർക്കസ് റോഹോയുടെ പ്രതികരണവും തെളിയിക്കുന്നു

മോസ്കോ; അർജന്‍റീന ടീമിൽ പരിശീലകനെതിരായ കലാപം കെട്ടടങ്ങിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു നൈജീരിയക്കെതിരായ മത്സരം. കാര്യങ്ങൾ തീരുമാനിക്കുന്നതെല്ലാം മുതിർന്ന താരങ്ങളാണെന്ന് വ്യക്തമാവുകയും ചെയ്തു.

സെർജിയോ അഗ്യൂറോയെ പകരക്കാരനായി ഇറക്കാൻ മെസിയോട് അഭ്യർത്ഥിക്കുകയായിരുന്നു സാംപോളിയെന്ന് അർജന്‍റീനന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഗ്യൂറോയുടെ വിളിപ്പേരായ കുൻ ആവർത്തിക്കുന്ന സാംപോളിയുടെ വീഡിയോ അടക്കം പുറത്തുവിട്ടാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അഗ്യൂറയെ കളിക്കളത്തിലിറക്കാന്‍ സാംപോളി മെസിയുടെ അനുമതി തേടുന്നതാണ് വീഡിയോ എന്നാണ് വ്യക്തമാകുന്നത്.

ടാഗ്ലിയാഫിക്കോയെ മാറ്റി തൊട്ടടുത്ത നിമിഷം അഗ്യൂറോ കളത്തിലിറങ്ങകയും ചെയ്തു. ക്രൊയേഷ്യക്കെതിരെ കണ്ട സാംപോളി അല്ലായിരുന്നു നൈജീരിയക്കെതിരെ സൈഡ് ലൈനില്‍ നിന്നത്. ഡഗ് ഔട്ടിൽ എല്ലാം കളിക്കാരുടെ തീരുമാനമെന്ന് സൂചിപ്പിക്കുന്നതായിരുന്നു കാഴ്ചകൾ. ടച്ച് ലൈനിന് അരികിൽ നിന്ന് സാംപോളി കളിക്കാർക്ക് നിർദേശങ്ങൾ നൽകുന്നത് കുറവായിരുന്നു.

ആദ്യ പകുതിക്ക് പിരിഞ്ഞപ്പോൾ അദ്ദേഹം ഡഗ് ഔട്ടിൽ തന്നെ തുടർന്നു . നിർണായക പകുതിയിൽ തിരിച്ചിറങ്ങുമ്പോൾ മെസിയായിരുന്നു കളിക്കാർക്ക് നിർദേശങ്ങൾ നൽകിയതെല്ലാം. ഒടുവിൽ അഗ്യൂറോയെ തിരിച്ചെടുക്കാനുളള അഭ്യർത്ഥനയിൽ എല്ലാം പൂർണം. സാംപോളിയുടെ കയ്യിലല്ല കാര്യങ്ങളെന്ന് മാർക്കസ് റോഹോയുടെ പ്രതികരണവും തെളിയിക്കുന്നു. കയറിക്കളിക്കാൻ പറഞ്ഞത് മെസിയാണെന്നും ഊർജം അദ്ദേഹം തന്നതാണെന്നുമാണ് വിജയഗോൾ നേടിയ റോഹോ പറഞ്ഞത്.