പ്രതി ഹരികുമാറിനെ രക്ഷപെടാൻ സഹായിച്ചതിന് തൃപ്പരപ്പിലെ ഒരു ലോഡ്ജ് നടത്തിപ്പികാരനാണ് പിടിയിലായത്. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: നെയ്യാറ്റിൻകര സനലിന്‍റെ കൊലപാതകം നടന്ന ഏഴാം ദിവസം ആദ്യ അറസ്റ്റ്. പ്രതി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ചതിന് തൃപ്പരപ്പിലെ ഒരു ലോഡ്ജ് നടത്തിപ്പികാരനാണ് പിടിയിലായത്. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

സനൽകുമാർ മരിച്ചെന്ന് ആറിഞ്ഞ ഉടനെ രക്ഷപെട്ട ഡിവൈഎസ്പി തൃപ്പരപ്പിലെ അക്ഷര ടൂറിസ്റ്റ് ഹോമിലാണ് എത്തിയത്. നേരത്തെ പരിചയമുണ്ടായിരുന്ന മാനേജർ സതീഷ് നൽകിയ രണ്ട് സിംകാർഡ് ഉപോയഗിച്ചാണ് ഇയാൾ പലരേയും വിളിച്ചത്. പക്ഷേ ബുധനാഴ്ചയ്ക്ക് ശേഷം ഈ സിംകാർഡുകളിൽ നിന്നും വിളികളില്ല. സതീശിന്‍റെ ഡ്രൈവർ രമേശുമായാണ് ഹരികുമാർ തൃപ്പരപ്പിൽ നിന്ന് പോയത്. രമേശിനേക്കുറിച്ചും ഇപ്പോൾ വിവരമൊന്നുമില്ല. സതീശിന്‍റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.അറസ്റ്റിലായ സതീഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതേസമയം, ഹരികുമാറിന്‍റെ സഹോദരനെയും ഒളിവിലുള്ള ബിനുവിന്‍റെ മകനെയും ക്രൈംബ്രാഞ്ച് വീണ്ടും വിളിച്ച് വരുത്തി മൊഴിയെടുക്കുന്നു. ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. സർക്കാറിൽ വിശ്വാസമുണ്ടെന്നായിരുന്നു സനലിന്‍റെ ഭാര്യയുടെ പ്രതികരണം. ഇതിനിടെ അന്വേഷണത്തിന്‍റെ ചുമതല ഐ ജി ശ്രീജിത്തിനെ ഏൽപ്പിച്ചു. നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന സനലിന്‍റെ കുടുംബത്തിന്‍റെ നിലപാടും ആക്ഷൻ കൗൺസിലിന്‍റെ എതിർപ്പുമാണ് കാരണം. 

പ്രതിയെ ഒളിപ്പിച്ചതിനു പിന്നിൽ ജില്ലയിലെ സിപിഎം നേതാക്കളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ആരോപിച്ചു. ഒളിവിൽ പോയത് ഉന്നത പോലീസ് ഉദ്യോഗസ്ഥനായതുകൊണ്ട് പിടികൂടാൻ വൈകുന്നത് സ്വാഭാവികമെന്നാണ് സർക്കാർ നിലപാട്. പ്രതിയാരാണെന്ന് അറിയാവുന്ന സ്ഥിതിക്ക് സിബിഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു

അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സനലിന്‍റെ ഭാര്യ നാളെ ഹൈക്കോടതിയെ സമീപിക്കും. വിഷയം കോടതി പരിഗണിക്കും മുൻപ് ഹരികുമാറിനെ പിടികൂടാനാണ് പൊലീസിന്റെ ശ്രമം.