കോഴിക്കോട്: മേപ്പയൂരിൽ അനധികൃത മണൽ കടത്ത് തടയാനെത്തിയ പോലീസ് സംഘത്തിന് നേരെ മണൽ മാഫിയയുടെ ആക്രമണം. ആക്രമണത്തിൽ മേപ്പയുർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സുനിൽകുമാറിന് പരിക്കേറ്റു. ഇന്നലെ അർധരാത്രി ആവള മൂഴിക്കൽ കടവിലാണ് സംഭവം.

മൂഴിക്കൽ കടവിൽ അനധികൃതമായി മണൽ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ മേപ്പയുർ പോലീസ് സംഘത്തെയാണ് മണൽ മാഫിയ ആക്രമിച്ചത്. കോൺസ്റ്റബിൾ സുനിൽകുമാറിന്റെ കാലിലൂടെ മണൽകടത്ത് സംഘം മിനിലോറി ഇടിച്ചു കയറ്റുകയായിരുന്നു.കാലിന് പരിക്കേറ്റ സുനിൽകുമാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സുനിൽകുമാറിന് പുറമെ മേപ്പയുർ എസ്.ഐ ജിതേഷ്, കോൺസ്റ്റബിളായ സജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ആറംഗസംഗമാണ് പൊലീസിനെ ആക്രമിച്ചത്. നേരത്തെയും മൂഴിയൂർ പ്രദേശത്ത് മണൽ കടത്തകാർ പൊലീസിന് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. ആറുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നു ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായവരാണ് ആക്രമത്തിന് നേതൃത്വം നൽകിയത്. പ്രതികളെ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല.