ഇടുക്കി: മറയൂരില്‍ വീണ്ടും സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന ചന്ദന മരം മോഷ്‌ടാക്കള്‍ മുറിച്ചു കടത്തി.സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷ്‌ടിക്കപ്പെട്ടത്. മറയൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്തുനിന്ന ചന്ദന മരമാണ് ശനിയാഴ്ച രാത്രിയില്‍ മോഷ്‌ടിക്കപ്പെട്ടത്. അവധി ദിവസമായതിനാല്‍ സ്കൂള്‍ പരിസരത്ത് ആരുമില്ലെന്ന സാഹചര്യം മുതലാക്കിയായിരുന്നു മോഷണം.

മുമ്പ് മുപ്പതോളം ചന്ദന മരങ്ങള്‍ ഉണ്ടായിരുന്ന കോംപൗണ്ടില്‍ ശേഷിച്ചിരുന്ന അവസാനത്തെ മരമാണ് മോഷ്‌ടാക്കള്‍ മുറിച്ചു കടത്തിയത്. മോഷ്‌ടിക്കപ്പെട്ട ചന്ദന കാതല്‍ അഞ്ചു ലക്ഷത്തോളം രൂപ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ കണക്കാക്കിയിട്ടുളളത്. സര്‍ക്കാര്‍ സ്വകാര്യ ഭൂമികളില്‍ നിന്ന് ചന്ദന മരങ്ങള്‍ മോഷ്‌ടിക്കപ്പെട്ടാല്‍ വനംവകുപ്പും പോലീസും പ്രതികളെ പിടികൂടാന്‍ കാര്യമായ ശ്രമം നടത്താറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കഴിഞ്ഞ മാസം മറയൂര്‍ ടൗണില്‍ വനംവകുപ്പോഫീസിന് സമീത്തുളള സാമൂഹ്യ ചികിത്സാ കേന്ദ്രത്തില്‍ നിന്നിരുന്ന ഒരു മരവും ചന്ദനമോഷ്‌ടാക്കള്‍ മുറിച്ചു കടത്തിയിരുന്നു. ഇത്തരത്തില്‍ മോഷണങ്ങള്‍ തുടര്‍ന്നാല്‍ പട്ടയ ഭൂമിയിലും തോട്ടങ്ങളിലുമായി ശേഷിച്ചിട്ടുളള ചന്ദനമരങ്ങളും മോഷ്‌ടിക്കപ്പെടുമെന്നാണ് നാട്ടുകാരുടെ ആശങ്ക.