ചിന്നാറിലെ വനംവകുപ്പിന്‍റെ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ചന്ദന തടികൾ കണ്ടെടുത്തത്. കാറിന്‍റെ സീറ്റിന്‍റെ അടിയിലും വശങ്ങളിലുമായി പ്രത്യേകം നിര്‍മിച്ച രഹസ്യ അറക്കുള്ളിൽ കഷ്ണങ്ങളാക്കി സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനം
മറയൂര്‍: ഇടുക്കി മറയൂരിൽ വനംവകുപ്പിന്‍റെ ചന്ദനവേട്ട. ആഡംബര കാറിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപ വില മതിക്കുന്ന 85 കിലോ ചന്ദന തടി പിടികൂടി. മറയൂരിലെ സ്വകാര്യഭൂമിയിൽ നിന്ന് മോഷ്ടിച്ച ചന്ദനമാണ് കണ്ടെടുത്തതെന്ന് വനംവകുപ്പ് അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു.
ചിന്നാറിലെ വനംവകുപ്പിന്‍റെ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ചന്ദന തടികൾ കണ്ടെടുത്തത്. കാറിന്‍റെ സീറ്റിന്‍റെ അടിയിലും വശങ്ങളിലുമായി പ്രത്യേകം നിര്‍മിച്ച രഹസ്യ അറക്കുള്ളിൽ കഷ്ണങ്ങളാക്കി സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനം.
പിടിയിലായ മറയൂർ സ്വദേശി ആനന്ദരാജിനെ ചോദ്യം ചെയ്തതിൽ നിന്ന് ഒരുമാസത്തിനിടെ രണ്ട് തവണ സമാന രീതിയിൽ ചന്ദനം കടത്തിയെന്ന വിവരം ലഭിച്ചെന്ന് വനംവകുപ്പ് അറിയിച്ചു. ആദ്യം 43 കിലോയും രണ്ടാം തവണ 50 കിലോയും ചന്ദനം കടത്തിയെന്നാണ് ആനന്ദരാജിന്‍റെ മൊഴി.
അടുത്തിടെ മറയൂരിലെ സ്വകാര്യ ഭൂമികളിൽ നിന്ന് വ്യാപകമായി ചന്ദനമോഷണം നടന്നിരുന്നു. പയസ്‌നഗർ, കോവില്‍ക്കടവ് എന്നിവിടങ്ങളിലെ സ്വകാര്യ ഭൂമികളിൽ നിന്നും മറയൂരിലെ ചന്ദന റിസര്‍വിൽ നിന്നും മോഷണം പോയ തടികളാണ് പിടികൂടിയതെന്ന് വനംവകുപ്പ് അറിയിച്ചു. പ്രതിക്ക് ചന്ദനം കൈമാറിയ മറയൂർ സ്വദേശി മുരകനും ചന്ദനമാഫിയ്ക്ക് നേതൃത്വം കൊടുക്കുന്ന കബീറിനുമായുള്ള അന്വേഷണം വനംവകുപ്പ് ഊർജിതമാക്കി.
