മോദി സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും അയോധ്യയിൽ രാമക്ഷേത്രം ഉയര്‍ന്നില്ല. ബിജെപിക്ക് ആത്മാര്‍ഥതയില്ലെന്ന് സംഘപരിവാര്‍ അനുകൂലികളിൽ ഒരു കൂട്ടര്‍ക്കെങ്കിലും സംശയം ഉയരുന്നതാണ് നിലവിലെ സാഹചര്യം

ദില്ലി: മുന്നാക്ക വോട്ടുകള്‍ കോണ്‍ഗ്രസ് ഉന്നമിടുമ്പോള്‍ അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപിൽ സിബലാണെന്ന ആരോപണം സജീവമാക്കി സംഘപരിവാര്‍ സംഘടനകൾ. ഈ മാസം 21 ന് ക്ഷേത്രത്തിന് ശിലയിടുമെന്ന് ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി പ്രഖ്യാപിക്കുമ്പോള്‍ സുപ്രീം കോടതി വിധിക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാത്തിരിക്കുമെന്ന പ്രതീക്ഷയിലാണ് യു പി സുന്നി വഖഫ് ബോര്‍ഡ്.

രാമക്ഷേത്ര നിര്‍മ്മാണത്തെ മുന്‍നിര്‍ത്തി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും അയോധ്യയിൽ രാമക്ഷേത്രം ഉയര്‍ന്നില്ല. ബിജെപിക്ക് ആത്മാര്‍ഥതയില്ലെന്ന് സംഘപരിവാര്‍ അനുകൂലികളിൽ ഒരു കൂട്ടര്‍ക്കെങ്കിലും സംശയം ഉയരുന്നതാണ് നിലവിലെ സാഹചര്യം. സംഘപരിവാര്‍ വിട്ട പ്രവീണ്‍ തൊഗാഡിയയും പരസ്യവിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. 

ഈവിഷയത്തിലും ശിവസേന മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. ഇതിനൊപ്പമാണ് മുന്നാക്ക വോട്ടുകളിൽ കുറച്ചെങ്കിലും കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നുവെന്ന വിലയിരുത്തല്‍. ഇതിനെ നേരിടാനാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപിൽ സിബലാണെന്ന പ്രചാരണം സംഘപരിവാര്‍ ശക്തമാകുന്നതെന്നാണ് വിലയിരുത്തുന്നത്.

എന്നാല്‍ കേസിൽ കക്ഷിയല്ലാത്തവരുടെ അഭിപ്രായ പ്രകടനമാണ് വിഷയത്തെ വഷളാക്കുന്നതെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്‍റെ നിലപാട്. അധികാരം പിടിക്കാനുളള അടവ് മാത്രമാണ് ബിജെപിക്ക് അയോധ്യ വിഷയമെന്ന് കോണ്‍ഗ്രസും എസ് പി - ബിഎസ് പി സഖ്യവും വാദിക്കുന്നു. എന്ത് തന്നെയായാലും രാമക്ഷേത്രം യുപിയിൽ ഇന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ സജീവ വോട്ടുവിഷയമായി നിലനില്‍ക്കുന്നു.