സി.ആർ.പി.എഫിന്റെ അത്യാധുനിക കമാൻഡോ വിഭാഗമായ കോബ്രയുടെ ഇൻസ്‌പെക്ടർ ജനറലായി സഞ്ജുക്ത പരാശർ ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറാണ് സഞ്ജുക്ത.

ദില്ലി : സി.ആർ.പി.എഫിന്റെ അത്യാധുനിക കമാൻഡോ വിഭാഗമായ കോബ്രയുടെ (CoBRA - Commando Battalion for Resolute Action) ഇൻസ്‌പെക്ടർ ജനറലായി സഞ്ജുക്ത പരാശർ ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറാണ് ഇവർ.

മാവോയിസ്റ്റ് സ്വാധീനം ശക്തമായ ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ, മേഘാലയ തുടങ്ങിയ വനമേഖലകളിലെ അതിനിർണായക ഒളിപ്പോരുകളും ഭീകരവിരുദ്ധ ദൗത്യങ്ങളും കൈകാര്യം ചെയ്യുന്ന കോബ്രയുടെ 10 റെജിമെന്റുകളുടെയും സമഗ്ര മേൽനോട്ട ചുമതല ഇനി സഞ്ജുക്തയ്ക്കായിരിക്കും. മുൻപ് അസമിൽ ഭീകരവാദികൾക്കെതിരെ നടത്തിയ പോരാട്ടങ്ങളിലൂടെ ‘അസമിന്റെ അയൺ ലേഡി’ എന്ന പേര് നേടിയ ഉദ്യോഗസ്ഥയാണ് ഇവർ.

ഡൽഹി യൂണിവേഴ്‌സിറ്റിയിലും ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിലും (ജെ.എൻ.യു) വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് സഞ്ജുക്ത സിവിൽ സർവീസിലെത്തിയത്. ദേശീയ അന്വേഷണ ഏജൻസിയിൽ (എൻ.ഐ.എ) ഡി.ഐ.ജി ആയി സേവനമനുഷ്ഠിച്ച ഇവർക്ക് സുരക്ഷാ രംഗത്ത് വലിയ അനുഭവസമ്പത്തുണ്ട്. രാജ്യത്തെ ഉന്നത സുരക്ഷാ സേനകളുടെ നേതൃനിരയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരുന്നു എന്നതിന്റെ പ്രധാനപ്പെട്ട ചുവടുവെയ്പ്പാണിത്.