അറസ്റ്റ് വാറന്‍റ് ഉണ്ടാകുമെന്ന സോളാര്‍ കമ്മീഷന്‍റെ മുന്നറിയിപ്പുണ്ടായതോടെയാണ് സരിത ഹാജരായത്. ശാരീരിക അസ്വസ്ഥത ഉണ്ടെന്ന് അറിയച്ച സരിത, അധികനേരം ഇരിക്കാനാവില്ലെന്ന് പറഞ്ഞു. കേസില്‍ ആരോപണ വിധേയരായവയുടെ അഭിഭാഷകര്‍ ഹാജരായിരുന്നു. രഹസ്യവിസ്താരം വേണമെന്ന ഉമ്മന്‍ചാണ്ടിയുടേയെും ഹൈബി ഈഡന്‍റെയും അഭിഭാഷകരുടെ അഭ്യര്‍ത്ഥന കമ്മീഷന്‍ അംഗീകരിച്ചു. തുടര്‍ന്ന് നടന്ന വിസ്താരവേളയിലാണ് നാടകീയ രംഗങ്ങളുണ്ടായത്.

ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ എസ്. ശ്രീകുമാറിന്‍റെ ചോദ്യങ്ങള്‍ നീണ്ടതോടെ സരിത അസ്വസ്ഥയായി. തുടര്‍ന്ന് പൊട്ടിക്കരഞ്ഞു. തനിക്ക് തുടരാനാകില്ലെന്നും അറസ്റ്റ് ചെയ്ത് ജയിലിലടക്കാമെന്നും സരിത പറഞ്ഞു. അതേസമയം നേരത്തെ പറഞ്ഞത് പോലെ കുടുതല്‍ തെളിവുകള്‍ ഇന്ന് സരിത ഹാജരാക്കിയതുമില്ല. ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ്, ടെനി ജോപ്പന്‍, ജിക്കുമോന്‍ തുടങ്ങിയവരുടെ അഭിഭാഷകര്‍ സരിതയെ ഇന്ന് വിസ്തരിച്ചു. രാവിലെ 11ന് തുടങ്ങിയ നടപടികള്‍ ഒന്‍പത് മണിക്കൂര്‍ നീണ്ടു.