കൊച്ചി: സോളര്‍ കേസുമായി ബന്ധപ്പെട്ട സരിതയുടെ കത്ത് ചർച്ച ചെയ്യുന്നത് രണ്ട് മാസത്തേക്ക് ഹൈക്കോടതി വിലക്കി . കത്തിലെ വിവരങ്ങൾ പൊതുഇടങ്ങളിൽ ചർച്ച ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിലക്ക് മാധ്യമങ്ങൾക്കും ബാധകമാണ് . വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന ഉമ്മൻ ചാണ്ടിയുടെ പരാതിയിലാണ് ഉത്തരവ് . കേസ് വിശദമായ വാദത്തിനായി ജനുവരി 15 ലേക്ക് മാറ്റി. നേരത്തെ സോളാർ റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ ഹൈക്കോടതി വിമർശിച്ചിരുന്നു.
സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമെന്നായിരുന്നു കോടതിയുടെ പരാമർശം. വിചാരണയ്ക്ക് മുൻപ് എങ്ങനെ നിഗമനങ്ങളിലെത്തുമെന്നും കോടതി ചോദിച്ചു .സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂഷണം ചെയ്തതായി സരിത എസ് നായര്‍ കത്തില്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയിലായിരുന്നു ഇക്കാര്യം ആരോപിച്ചത്. ഉമ്മന്‍ചാണ്ടി ചൂഷണം ചെയ്ത വിവരം, അന്വേഷണസംഘത്തലവാനായിരുന്ന ഹേമചന്ദ്രനോട് പറഞ്ഞിരുന്നെങ്കിലും അത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് മറുപടി നല്‍കിയതെന്നും സരിത ആരോപിച്ചിരുന്നു.
മുന്‍ അന്വേഷണത്തില്‍ വീഴ്‌ചയുണ്ടായതായി സരിത കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പീഡനക്കേസുകളില്‍ നടപടി വേണമെന്നും കത്തില്‍ സരിത ആവശ്യപ്പെട്ടു. സരിത നല്‍കിയ കത്ത് മുഖ്യമന്ത്രി, ഡിജിപിക്ക് കൈമാറി. നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍, സാമ്പത്തിക തട്ടിപ്പ്, പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ എന്നിവ ഉള്‍പ്പടെ സരിത കത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. സരിതയുടെ സഹായി മുഖേനയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
