പൊലീസ് കസ്റ്റഡിലായിരിക്കെ താന്‍ എഴുതിയ കത്തില്‍ പരാമര്‍ശമുള്ള മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ സോളാര്‍ കമ്മീഷന് തെളിവുകള്‍ കൈമാറിയ സരിതാ നായര്‍ ഇന്ന് വീണ്ടും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുന്നില്‍ ഹാജരാകും. ചില മന്ത്രിമാരടക്കമുള്ളവര്‍ തന്നെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കമ്മീഷന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ മാധ്യമങ്ങള്‍ക്ക് നല്‍കൂ എന്ന് കഴിഞ്ഞ ദിവസം സരിതാ നായര്‍ വ്യക്തമാക്കിയിരുന്നു. ശ്രീധരന്‍ നായര്‍ക്കൊപ്പം താന്‍ മുഖ്യമന്ത്രിയെ കണ്ട ദൃശ്യങ്ങള്‍ ഇന്നലെ സരിത സോളാര്‍ കമ്മീഷന് കൈമറിയിരുന്നു. ഈ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നാണ് സരിത അറിയിച്ചിരുന്നത്. എന്നാല്‍ സരിതയെ ഒരിക്കല്‍ പോലും കണ്ടില്ലെന്നാണ് സോളാര്‍ കമ്മീഷനിലടക്കം മുഖ്യമന്ത്രി നേരത്തെ നിലപാട് എടുത്തിരുന്നത്. അതേസമയം മുഖ്യമന്ത്രിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നാണ് സരിതയുടെ നിലപാട്.