സുനാമി ഉണ്ടായപ്പോള്‍ വിദേശ സഹായം മന്‍മോഹന്‍ സിംഗ് നിഷേധിച്ചുവെന്നാണ് കാരണമായി പറയുന്നത്. എന്നാല്‍ അന്ന് ആവശ്യമായ സഹായം കേന്ദ്രം കേരളത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നു.

ദില്ലി: കേരളം നേരിടുന്ന പ്രള ദുരിതത്തില്‍നിന്ന് കരകയറാന്‍ എന്തുകൊണ്ട് വിദേശ സഹായം സ്വീകരിച്ചുകൂടാ എന്ന് കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. വിദേശ സഹായം സ്വീകരിക്കാനാകില്ലെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. സുനാമി ഉണ്ടായപ്പോള്‍ വിദേശ സഹായം മന്‍മോഹന്‍ സിംഗ് നിഷേധിച്ചുവെന്നാണ് കാരണമായി പറയുന്നത്. എന്നാല്‍ അന്ന് ആവശ്യമായ സഹായം കേന്ദ്രം കേരളത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നു. ആ ഫണ്ട് ഉപയോഗിച്ചാണ് കേരളം ഏറെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും തരൂര്‍ പറഞ്ഞു. 

2016 ല്‍ നരേന്ദ്രമോദി സര്‍ക്കാരാണ് ദേശീയ ദുരന്ത നിവാരണ നയം പ്രഖ്യാപിച്ചത്. നമ്മള്‍ ദുരിതാശ്വാസത്തിനായി സഹായം ആവശ്യപ്പെടില്ലെന്നും മറ്റുള്ളവര്‍ തന്നാല്‍ സ്വീകരിക്കുമെന്നുമാണ് ആ നയത്തില്‍ വ്യക്തമാക്കുന്നത്. എങ്കില്‍ യുഎഇ, ഖത്തര്‍, തായ്‍ലാന്‍റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ എന്തുകൊണ്ട് സ്വീകരിച്ചുകൂടാ എന്നും ശശി തരൂര്‍ ചോദിച്ചു.