ശശികല ഉൾപ്പെട്ട അനധികൃത സ്വത്തു സമ്പാദന കേസിൽ സുപ്രീം കോടതി വിധി എന്നു വരുമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. ഗവർണ്ണർ കാത്തിരിക്കുന്നതിൽ അപാകതയില്ലെന്നും തീർത്തും നിക്ഷപക്ഷമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. ഗവർണ്ണർ ആദ്യം പനീർശെൽവത്തിന് അവസരം നല്‍കണമെന്ന് എസ് ആർ ബൊമ്മൈ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് പി ബി സാവന്ത് അഭിപ്രായപ്പെട്ടു.
ശശികല ഉൾപ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസിൽ ഒരാഴ്യ്ക്കകം വിധി എന്നാണ് കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി പറഞ്ഞത്. ഒരാഴ്ച പിന്നിടുമ്പോൾ വിധി എന്നു വരും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. രാവിലെ ഇക്കാര്യത്തിൽ കോടതിയുടെ ഭാഗത്ത് നിന്ന് പരാമർശമൊന്നും ഉണ്ടായില്ല. ഇതിനിടെ ശശികല സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ട് ഒരു പൊതുതാല്പര്യ ഹർജി കൂടി കോടതിക്ക് മുന്പാകെ എത്തി. ഗവർണ്ണർ വിദ്യാസാഗർ റാവു നിഷ്പക്ഷമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു.
അതേ സമയം ഗവർണ്ണറെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. എന്തു ചെയ്യണം എന്ന കാര്യത്തിൽ കൂടുതൽ നിയമവിദഗ്ധരുടെ പ്രതികരണം പുറത്തുവന്നു. ഗവർണ്ണർക്ക് എന്ന് വിധി വരും എന്ന് സുപ്രീം കോടതി രജിസ്ട്രാറോട് അന്വേഷിക്കാവുന്നതാണെന്ന് എസ് ആർ ബൊമ്മൈ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് പിബി സാവന്ത് വ്യക്തമാക്കി. ഉടൻ വിധിയെങ്കിൽ കാത്തിരിക്കാം. എന്നാൽ ഇത് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയാൽ ഗവർണ്ണർ പക്ഷപാതം കാട്ടുന്നു എന്ന ആരോപണം ഉയരുമെന്ന് ജസ്റ്റിസ് സാവന്ത് പറഞ്ഞു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള ആദ്യ അവസരം നിലവിൽ മുഖ്യമന്ത്രിയായ പന്നീർശെൽവത്തിനു നല്‍കാവുന്നതാണെന്നും ജസ്റ്റിസ് പിവി സാവന്ത് പറഞ്ഞു.
