ചെന്നൈ: ബംഗളുരു കോടതിയില്‍ കീഴടങ്ങാനായി ശശികല യാത്ര തിരിച്ചു. രാവിലെ പോയസ് ഗാര്‍ഡനില്‍നിന്ന് യാത്ര തിരിച്ച ശശികല, മറീന ബീച്ചിലെ ജയലളിതയുടെ സ്‌മൃതിമണ്ഡപത്തിലെത്തി പ്രാര്‍ത്ഥിച്ചശേഷമാണ് ബംഗളുരുവിലേക്ക് പോയത്. റോഡ് മാര്‍ഗമാണ് ശശികല ബംഗളുരുവിലേക്ക് പോകുന്നത്. പോയസ് ഗാര്‍ഡനില്‍നിന്ന് പുറപ്പെടുന്നതുമുതല്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ശശികലയുടെ യാത്ര. ശശികല കീഴടങ്ങാന്‍ പോകുന്ന വിവരം അറിഞ്ഞു നിരവധി എ ഐ എ ഡി എം കെ പ്രവര്‍ത്തകരും പോയസ് ഗാര്‍ഡനിലും മറീന ബീച്ചിലും എത്തിയിരുന്നു. ശശികലയുടെ വാഹനം കടന്നുപോകുന്ന റോഡിന് ഇരുവശത്തും പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിനുള്ള കരുക്കള്‍ നീക്കവെയാണ് സ്വത്ത് സമ്പാദനക്കേസിലെ സുപ്രീംകോടതി വിധി ശശികലയ്‌ക്ക് തിരിച്ചടിയായത്. കഴിഞ്ഞ ദിവസമാണ് ശശികലയെ ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ കോടതി വിധി സുപ്രീംകോടതി ശരിവെച്ചത്. ഇന്നു രാവിലെ കീഴടങ്ങാന്‍ സാവകാശം ചോദിച്ചെങ്കിലും, ആ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ശശികല ഇന്നുതന്നെ ബംഗളുരു കോടതിയില്‍ ഹാജരാകാന്‍ പോകുന്നത്.