ചെന്നൈ: ശശികലയെയും കുടുംബത്തെയും അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കി. ചെന്നൈയില്‍ ചേര്‍ന്ന 20 മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയെ നയിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി ഡി ജയകുമാര്‍ പറഞ്ഞു.

ജയലളിതക്ക് ശേഷം അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലേക്ക് എത്തിയ ശശികലയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഒരു ദിവസത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണ്ണായക തീരുമാനം ഉണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച് വിവാദത്തിലായ ടി.ടി.വി ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ശശികലയ്ക്ക് ഒപ്പമുണ്ടായിരുന്ന 30 എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമാണെന്നും ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഡി ജയകുമാര്‍ പറഞ്ഞു. നേരത്തെ ശശികലയ്ക്ക് എതിരെ നിലപാടെടുത്ത് പാര്‍ട്ടി പിളര്‍ത്തി പുറത്തുപോയ ഒ പന്നീര്‍ശെല്‍വത്തിന് ഒപ്പം നിന്നവരും ഇപ്പോഴത്തെ മുഖ്യമന്ത്രി പളനിസ്വാമിക്ക് ഒപ്പമുള്ളവരും ഒരുമിക്കാനും തീരുമാനമായി. പിന്‍സീറ്റിലിരുന്ന് ഭരണം നിയന്ത്രിച്ചിരുന്ന ശശികലയും കുടുംബവും പാര്‍ട്ടിയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. പളനി സ്വാമി വൈകുന്നേരത്തോടെ ചെന്നൈയില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് രാത്രി എട്ട് മണിയോടെ ആരംഭിച്ച യോഗത്തിനൊടുവിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്. കുടുംബ വാഴ്ച അംഗീകരിക്കാനാവില്ലെന്ന് യോഗം തീരുമാനമെടുത്തു, അണികളെല്ലാം തങ്ങള്‍ക്കൊപ്പമാണെന്നും ശശികലയെയും കുടുംബത്തെയും പുറത്താക്കണമെന്നാണ് അണികളുടെ ആഗ്രഹമെന്നും യോഗശേഷം ധനമന്ത്രി ഡി ജയകുമാര്‍ പറഞ്ഞു. പന്നീര്‍ശെല്‍വത്തിന്റെ വലിയ വിജയമായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്. ഇതോടെ ഇനി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പന്നീല്‍ ശെല്‍വം എത്തുമെന്നും മുഖ്യമന്ത്രിയായി പളനിസ്വാമി തുടരുകയും ചെയ്യുമെന്നാണ് സൂചന.