പാര്‍ട്ടിയിലെ മുതിർന്ന നേതാക്കള്‍ക്കൊപ്പം 5.15 ഓടെയാണ് ശശികല കോടതിയിലെത്തിയത്. ഇതിന് മുമ്പ് തന്നെ ഭര്‍ത്താവ് നടരാജന്‍ അടക്കമുള്ളവര്‍ കോടിതിലെത്തിയിരുന്നു. നേരത്തെ ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയലളിത പരപ്പന അഗ്രഹാര ജയിലിലെത്തിയപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ വന്‍ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കില്‍ ഇന്ന് ശശികല എത്തിയപ്പോള്‍ ചുരുക്കം പ്രവര്‍ത്തകര്‍ മാത്രമാണ് എത്തിയത്. കോടതി പരിസരത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം ശശികലയെയും ഇളവരശിയെയും സെല്ലിലേക്ക് മാറ്റി.

ശശികലയ്ക്ക് മരുന്നും വസ്ത്രങ്ങളുമായി എത്തിയ ഒരു തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനം കോടതി വളപ്പില്‍ വെച്ച് ഒരുകൂട്ടം ആളുകള്‍ തടഞ്ഞ് നിര്‍ത്തി തല്ലിത്തകര്‍ത്തു. തുടര്‍ന്ന് ഇവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. വാഹനം ആക്രമിച്ചത് പനീര്‍ശെല്‍വ പക്ഷത്തുള്ളവരാണെന്ന് എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ ആരോപിച്ചു.