ചെന്നൈ: ശശികലയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് എഡിഎംകെ എംഎഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത് ചെന്നൈ കാഞ്ചിപുരം അതിര്‍ത്തിയിലെ ഗോള്‍ഡന്‍ ബേ എന്ന റിസോര്‍ട്ടില്‍. ഇവിടെ അതീവ സുരക്ഷയിലാണ് എംഎല്‍എമാര്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക ബൗണ്‍സര്‍മാരുടെ സംരക്ഷണത്തിലാണ് എംഎല്‍എമാര്‍. ഇവിടെക്ക് പത്ര ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എംഎഎല്‍എമാരെ രഹസ്യമായി പാർപ്പിച്ചിരിക്കുന്ന റിസോർട്ടില്‍ ഫോണും ടെലിവിഷനും നൽകാതെ തടവിലാക്കിയിരിക്കുകയാണെന്നും ഗവർണർ ഇടപെടണമെന്നുമാണ് പനീർശെൽവത്തിനൊപ്പം നിൽക്കുന്നവരുടെ ആവശ്യം. തടഞ്ഞുവയ്ക്കപ്പെട്ട എംഎൽഎമാരിൽ ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിൽ ആണെന്നും ഇവർ ഉപവാസം നടത്തുകയാണെന്നും അഭ്യൂഹമുണ്ട്. 

അതേ സമയം എംഎല്‍എമാരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ഇത് എഡിഎംകെ വക്താവും സ്ഥിരീകരിച്ചു. പുറത്തുനിന്നുള്ള ഭീഷണികള്‍ ഉള്ളത് കൊണ്ടാണ് ഇത്തരത്തില്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തത് എന്നാണ് വക്താവ് പറയുന്നത്. അതേ സമയം ശശികലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ നടത്തുന്നതാണ് ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് എന്നാണ് സൂചന. പ്രത്യേക പാസും അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇവിടുത്തേക്ക് വാഹനങ്ങള്‍ പോലും കടത്തിവിടുന്നുള്ളൂ.

ഇന്നലെ മുതല്‍ തന്നെ ഈ റിസോര്‍ട്ടിന് അടുത്ത് തമിഴ്, ദേശീയ മാധ്യമങ്ങള്‍ തമ്പടിച്ചിട്ടുണ്ടെങ്കിലും. റിസോര്‍ട്ട് ഗേറ്റിന് കിലോമീറ്റര്‍ അപ്പുറത്തു നിന്ന് തന്നെ ഇവരെ വിലക്കിയിരിക്കുകയാണ്. പുറത്ത് തമിഴ്നാട് പോലീസ് ആണ് റിസോര്‍ട്ടിന് കാവല്‍ എങ്കില്‍ അകത്ത് ശശികല ക്യാമ്പ് നിയോഗിച്ച സുരക്ഷഭടന്മാരും, ബൗണ്‍സര്‍മാരുമാണ് എംഎല്‍എമാര്‍ക്ക് കാവലിരിക്കുന്നത്. മൊബൈല്‍ ജാമറുകളും റിസോര്‍ട്ടിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.