ചെന്നൈ: സുപ്രീംകോടതി വിധി തിങ്കളാഴ്ച എതിരാകുകയാണെങ്കില്‍ പ്ലാന്‍ ബി തയ്യാറാക്കി ശശികല ക്യാമ്പ്. തിങ്കളാഴ്ച സുപ്രീംകോടതി വിധി എതിരായാല്‍ ശശികല ജയിലില്‍ പോകും എന്നതിനാല്‍ ഇടപ്പടി പഴനിസ്വാമിയെ പകരക്കാരനായി കണ്ടിരിക്കുകയാണ് ശശികല. ആദ്യം സ്വന്തം സഹോദരനെയാണ് ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതെങ്കിലും ജനരോഷം ഉണ്ടാകും എന്നതിനാലാണ് വിശ്വസ്തനായ ഇടപ്പടി പഴനിസ്വാമിയെ ആ സ്ഥാനത്തേക്ക് ശശികല കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.

പകരം പുതിയ മുഖം എത്തിയാല്‍ ഇപ്പോള്‍ ആടി നില്‍ക്കുന്ന എംഎല്‍എമാരെ ഒപ്പം കൂട്ടം എന്ന് ശശികല ക്യാമ്പ് പ്രതീക്ഷിക്കുന്നു. ഇതിനിടെ, വിഷയത്തിൽ കോണ്‍ഗ്രസ് സജീവമായി ഇടപെട്ടു തുടങ്ങി. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബിജെപി പനീർശെൽവത്തിനു വേണ്ടി നിലകൊള്ളുന്ന സാഹചര്യത്തിൽ ശശികല ക്യാമ്പിനൊപ്പമാണ് കോണ്‍ഗ്രസിന്‍റെ മനസെന്നാണ് സൂചന. 

ബിജെപി പനീർശെൽവത്തെ തുണയ്ക്കുകയാണെങ്കിലും പാർട്ടിയിലെ പ്രമുഖൻ സുബ്രഹ്മണ്യം സ്വാമി ശശികലയെ പരസ്യമായി പിന്തുണച്ചു രംഗത്തുണ്ട്. നടപടികൾ വച്ചു താമസിപ്പിക്കുന്ന തമിഴ്നാട് ഗവർണറുടെ സമീപനത്തെയും സുബ്രഹ്മണ്യം സ്വാമി നിശിതമായി വിമർശിച്ചിരുന്നു. അതേ സമയം ഗവര്‍ണര്‍ തീരുമാനം എടുക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എടുത്തത്.