പമ്പ: ശ്രീലങ്കൻ സ്വദേശിനി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരണം. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. 47 കാരിയായ ശശികല സന്നിധാനത്ത് എത്തിയതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നു.  ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നേരത്തെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ തിരിച്ചിറക്കി എന്ന് മാത്രമായിരുന്നു പൊലീസ് മറുപടി നല്‍കിയിരുന്നത്.

പൊലീസ് തന്നെ നിര്‍ബന്ധിച്ച് തിരിച്ചിറക്കിയെന്ന് ശശികലയും കഴിഞ്ഞ ദിവസം പമ്പയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രതികരണങ്ങളെല്ലാം ദര്‍ശനം നടത്താനെത്തിയ കുടുംബത്തിന്‍റെ സുരക്ഷ കണക്കിലെടുത്താണെന്നാണ്  പൊലീസ് പറയുന്നത്.

എന്നാല്‍ ശ്രീലങ്കന്‍ സ്വദേശി ശശികല ശബരിമല ദര്‍ശനത്തിന് വരുന്നതിതെ കുറിച്ച് പൊലീസിന് കൃത്യമായ വിവരമുണ്ടായിരുന്നു. പൊലീസ് സംരക്ഷണയില്‍ ശശികല മരക്കൂട്ടത്ത് എത്തിയപ്പോള്‍ തന്നെ പ്രതിഷേധമുണ്ടായെന്നും തുടര്‍ന്ന് തിരിച്ചിറക്കിയെന്നുമാണ് പൊലീസ് സന്നിധാനത്തേക്ക് നല്‍കിയ വിവരം. തുടര്‍ന്ന് ഇവരില്‍ ശ്രദ്ധ തിരിച്ച് ഭര്‍ത്താവിനെയും മകനെയും ആദ്യം സന്നിധാനത്തേക്ക് കയറ്റുകയും തുടര്‍ന്ന് 20 മിനുട്ട് വ്യത്യാസത്തില്‍ ശശികലയ്ക്ക് ദര്‍ശനം സാധ്യമാക്കുകയുമായിരുന്നു.