നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കിയതാണെന്നും യഥാർത്ഥ പ്രതിയെ കണ്ടെത്തണമെന്നും സംവിധായകൻ അഖിൽ മാരാർ. അതേസമയം, പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികളുടെ ശിക്ഷാവിധി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പ്രഖ്യാപിക്കും.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ആരാണ് പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് കണ്ട് പിടിച്ചാൽ ദിലീപ് എങ്ങനെ ഈ കേസിൽ പ്രതി ആയി എന്ന സത്യം പുറത്ത് വരുമെന്ന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ഹൈക്കോടതിയിൽ പോയി ദിലീപിനെ ശിക്ഷിക്കാൻ നോക്കുന്ന വിഡ്ഢികൾ തല കുത്തി മറിഞ്ഞാലും ഈ കേസിൽ ഇനിയൊരു വിധി വരില്ല. കാരണം ദിലീപ് അല്ല ഇത് ചെയ്തത് എന്നതാണ് പരമമായ സത്യം. സത്യം ഈ ഭൂമിയിൽ ജയിക്കുമെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. ദിലീപ് ആണ് ഇത് ചെയ്തത് എന്ന് നിങ്ങൾ വിശ്വസിക്കുന്നത് പോലെ ദിലീപിനെ കുടുക്കാൻ മറ്റുള്ളവർ ചെയ്തതാണ് എന്ന് വിശ്വസിക്കാൻ ഉള്ള അവകാശം തനിക്ക് ഉണ്ടെന്നും അഖിൽ ആവർത്തിച്ചു.
ശിക്ഷാവിധി നാളെ
കേരളത്തെ ഞെട്ടിച്ച യുവനടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ എസ്, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. ഇത് സമൂഹത്തിന് ഒരു പാഠമാകേണ്ട കേസാണെന്നും, പ്രതികൾ ചെയ്ത കുറ്റകൃത്യത്തിൻ്റെ ഗൗരവം പരിഗണിച്ച് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രോസിക്യൂഷൻ്റെ നിലപാട്.
പ്രതികൾക്കെതിരെ ചുമത്തിയ കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് തെളിഞ്ഞതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
2017 ഫെബ്രുവരി 17-ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടുന്ന വാഹനത്തിൽ വച്ചാണ് നടി ആക്രമിക്കപ്പെട്ടതും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതും. 2018 മാർച്ച് 8-ന് ആരംഭിച്ച വിചാരണ നീണ്ട എട്ട് വർഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കി. ഇവരെ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.


