ചെന്നൈ: ചികിത്സയിൽ കഴിയുന്ന ഭർത്താവ് നടരാജനെ അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികല ആശുപത്രിയിലെത്തി സന്ദർശിച്ചു. ചെന്നൈയിലെ പെരുമ്പാക്കത്തുള്ള സ്വകാര്യ ആശുപത്രിയിൽ വൃക്ക, കരൾ രോഗബാധയെത്തുടർന്ന് ചികിത്സയിലാണ് നടരാജൻ. നടരാജന്റെ രോഗാവസ്ഥ കണക്കിലെടുത്ത് അഞ്ച് ദിവസത്തെ അടിയന്തരപരോളാണ് ശശികലയ്ക്ക് അനുവദിച്ചിരിയ്ക്കുന്നത്. ചെന്നൈയിലെ ടി നഗറിൽ ഇളവരശിയുടെ മകൾ കൃഷ്ണപ്രിയയുടെ വീട്ടിൽ നിന്ന് പെരുമ്പാക്കം വരെ പലയിടങ്ങളിലും പ്രവർത്തകർ ശശികലയ്ക്ക് ഇന്നും സ്വീകരണം നൽകി. രാഷ്ട്രീയയോഗങ്ങളോ പ്രസ്താവനകളോ നടത്തുകയോ മാധ്യമങ്ങളോട് സംസാരിയ്ക്കുകയോ ചെയ്യരുതെന്നുൾപ്പടെയുള്ള ഉപാധികളോടെയാണ് ശശികലയ്ക്ക് അടിയന്തര പരോൾ അനുവദിച്ചിരിയ്ക്കുന്നത്. വീട്ടിൽ നിന്ന് ആശുപത്രിയിലേക്കും തിരികെയും പൊലീസ് കാവലോടെ മാത്രമേ പോകാവൂ എന്നും ഉപാധികളിലുണ്ട്. ശശികലയുടെ വീടിന് ചുറ്റും മുപ്പത് നിരീക്ഷണക്യാമറകളുൾപ്പടെ കനത്ത നിരീക്ഷണസംവിധാനങ്ങളുണ്ട്. നിയന്ത്രണങ്ങളുണ്ടെങ്കിലും ശശികലയുടെ വരവ് ദിനകരൻ പക്ഷത്തിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ചൊവ്വാഴ്ച നടന്ന നടരാജന്റെ കരൾ, വൃക്കമാറ്റ ശസ്ത്രക്രിയ വിജയകരമായിരുന്നു. നടരാജൻ ഇപ്പോഴും ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണെങ്കിലും നില മെച്ചപ്പെട്ടെന്നും ബോധാവസ്ഥയിലാണെന്നും ഇന്ന് രാവിലെ ഇറങ്ങിയ ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
ശശികല ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
