ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് നാളെ മറുപടിയെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. വിശ്വാസികളുടെ പ്രാര്‍ത്ഥന ഫലിച്ചുവെന്നും ശശികുമാര വർമ്മ.
പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് നാളെ മറുപടിയെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. വിശ്വാസികളുടെ പ്രാര്‍ത്ഥന ഫലിച്ചുവെന്നും പന്തളം കൊട്ടാര പ്രതിനിധി പറഞ്ഞു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനുശേഷമായിരുന്നു പന്തളം കൊട്ടാരത്തിന്‍റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം പൂര്‍ണ്ണമായിട്ടും കണ്ടില്ലെന്നും പന്തളം കൊട്ടാരത്തെ ബാധിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച ശേഷം നാളെ പത്രസമ്മേളനം നടത്തുമെന്നും ശശികുമാര വർമ്മ പറഞ്ഞു. തന്ത്രിയുടെയും പരിചാരകരുടെയും അധികാരം എന്താണെന്ന് കാര്യം തന്ത്രസമുച്ഛയത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം പരിശോധിച്ച ശേഷം മറുപടി പറയും. ശബരിമല ക്ഷേത്രത്തെ സംരക്ഷിക്കാന്‍ ഭക്തജനങ്ങള്‍ ഉണ്ടെന്നും ശശികുമാര വർമ്മ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകൾ പ്രവേശിച്ചാൽ ശബരിമല നട അടച്ച് താക്കോൽ നൽകി പതിനെട്ടാംപടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച തന്ത്രിയ്ക്കെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. ശബരിമല ക്ഷേത്രത്തിലെ പൂജാദികർമങ്ങൾ തീരുമാനിയ്ക്കാനുള്ള അവകാശം തന്ത്രിയ്ക്കുണ്ടാകാം, പക്ഷേ ഭരണപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ബോർഡിനാണെന്ന് മറന്ന് പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികൾ കടക്കുന്നത് തടയുകയല്ല, അവരെ പ്രവേശിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ബോർഡിനും തന്ത്രിയ്ക്കുമുള്ളത്. അത് മറന്ന്, ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിച്ച്, സുപ്രീംകോടതി വിധി അട്ടിമറിയ്ക്കാൻ തന്ത്രിയും പരികർമികളും ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
