കൊല്ലം: ശാസ്താംകോട്ടയില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ പിടിയില്‍. പണവും ആഭരണങ്ങളും കൈക്കലാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് ശാസ്താംകോട്ട സ്വദേശിയായ സുമതിക്കുട്ടിയമ്മയെ വീട്ടുമുറ്റത്തെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വെള്ളം കോരുന്നതിനിടെ കാല്‍വഴുതി വീണാണ് 67 കാരിയായ സുമതിക്കുട്ടി അമ്മ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ സുമതിക്കുട്ടിഅമ്മയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. കട്ടിലിലും മുറിയിലെ ഭിത്തിയിലും രക്തക്കറ കൂടി കണ്ടതോടെ കാല്‍വഴിത വീണല്ല മരണം എന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരനായ ശശിധരന്‍ പിടിയിലാകുന്നത്. 

ഭര്‍ത്താവ് മരിച്ചതിന് ശേഷം സുമതിക്കുട്ടി അമ്മ ഒറ്റക്കായിരുന്നു താമസം. സഹോദരനായ ശശിധരന്‍ ഇടക്കിടെ സുമതിക്കുട്ടിയമ്മയെ കാണാന്‍ എത്താറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മദ്യപിച്ച ശേഷം സഹോദരിയുടെ വീട്ടിലെത്തിയ ശശിധരന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ സമുതിക്കുട്ടിയമമ്മ നല്‍കാന്‍ തയ്യാറായില്ല. ഇതിന്റെ വിരോധത്തിലാണ് രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങിക്കിടന്ന സുമതിക്കുട്ടിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം ആഭരണങ്ങളും എടുത്ത് മൂന്ന് മണിയോടെ രക്ഷപെടുകയായിരുന്നു. ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.