കൊച്ചി: സഭയുടെ ഭൂമി വില്‍പനയില്‍ കര്‍ദ്ദിനാല്‍ മാര്‍ ആലഞ്ചേരിയെ പരേക്ഷമായി വിമര്‍ശിച്ച് എറണാകുളം- അങ്കമാലി അതിരൂപയുടെ മുഖപത്രമായ സത്യദീപം പുറത്തിറങ്ങി. ക്രൈസ്തവ പാരമ്പര്യം അനുഷ്ഠിക്കാന്‍ കഴിയാത്തയാള്‍ ക്രിസ്തു ശിഷ്യനെന്ന പേരിന് യോഗ്യനല്ലെന്നാണ് മുഖപത്രത്തിലെ ലേഖനം വിമര്‍ശിക്കുന്നത്. സഭാ സ്നേഹത്തിന്‍റെ പേരുപറഞ്ഞ് ചെയ്യുന്ന തിന്മകള്‍ സഭാ ഗാത്രത്തെ നശിപ്പിക്കുമെന്നും മുഖപ്പത്രം ഓര്‍മ്മിപ്പിക്കുന്നു.

സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയെ പിടിച്ചുലച്ച ഭൂമി വിവാദത്തില്‍ സഭാ മുഖപ്രമായ സത്യദീപം കര്‍ദ്ദിനാല്‍ ആലഞ്ചേരിയെ ലക്ഷ്യമിട്ടുള്ള വിമര്‍ശനം തുടരുകയാണ്. നേരത്തെയുള്ള രണ്ട് ലക്കങ്ങളിലും ആലഞ്ചേരിക്കെതിരെ മുഖപത്രം രംഗത്തെത്തിയിരുന്നു. അതിരൂപതയുടെ ആര്‍ക്കെയ് വ്സിന്‍റെ ചുമതലയുള്ള ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളിയുടെ സുറിയാനി ക്രൈസ്തവരുടെ സുതാര്യത: ഒരു വീണ്ടുവിചാരമെന്ന ലേഖനത്തിലാണ് സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത ഓര്‍മ്മിപ്പിക്കുന്നത്. 

ദേവാലയ സ്വത്തുക്കള്‍ എങ്ങനെയാണ് പൂര്‍വ്വികര്‍ കൈകാര്യം ചെയ്തതെന്ന് ലേഖനം ഉദാഹരണ സഹിതം വിവരിക്കുന്നു. സത്യ സന്ധതയും സുതാര്യതയും ഉള്ള ക്രൈസ്തവ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ കഴിയാത്തവന്‍ ക്രിസ്തു ശിഷ്യനെന്ന പേരിനുപോലും യോഗ്യനല്ല. വിശ്വാസത്തിന്‍റെ പേരുപറഞ്ഞ് ചെയ്യുന്ന തിന്മകള്‍ സഭാ ഗാത്രത്തെ നശിപ്പിക്കും. ആത്മീതയുടെ മൂടുപടമണിഞ്ഞ് സഭാ തനയര്‍ ചെയ്യുന്ന പ്രവൃത്തികളെ ഫ്രാന്‍സിസ് പാപ്പാ ആത്മീയ ലൗകീകത എന്നാണ് വിശേഷിപ്പിച്ചത്. 

അജപാലകന്‍റെ ജീവിതത്തില്‍ പാലിക്കപ്പെടേണ്ട പാരമ്പര്യം വിസ്മരിക്കുമ്പോഴാണ് ആത്മീയ ലൗകീകത ഒരുവന്‍റെ ജീവിതത്തെ കാര്‍ന്നു തിന്നുന്ന മാരക രോഗമായി മാറുന്നതെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു. ഭൂമി വിവാദം തണുപ്പിക്കാന്‍ ആലഞ്ചേരിക്കൊപ്പമുള്ളവര്‍ ശ്രമിക്കുമ്പോഴാണ് എതിര്‍ ചേരിക്ക് ഇന്ധനം പകരുന്ന ലേഖനം മുഖപ്പത്രത്തില്‍ വന്നത് എന്നതും ശ്രദ്ധേയമാണ്.