സത്‍നാം സിങ് കൊലപാതക കേസിലെ വിചാരണ വേഗത്തില്‍ തീര്‍‍പ്പാക്കണമെന്നാവശ്യവുമായി അച്ഛന്‍ ഹരീന്ദ്ര കുമാര്‍. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി സമര്‍പ്പിക്കാന്‍ ഹരീന്ദ്ര കുമാര്‍ സിങ് കൊച്ചിയിലെത്തി. സത്‍നാം കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് അച്ഛന്‍ ഹര്‍ജി നല്‍കുന്നത്.

ബിഹാര്‍ സ്വദേശി സത്നാം സിങിനെ കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലായിരുന്നു കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലടച്ച സസത്‍നാം അവിടെ ദുരൂഹ സഹചര്യത്തില്‍ മരിച്ചു. മരണം കൊലപാതകമാണെന്ന് ചൂണ്ടികാട്ടി ബന്ധുക്കള്‍ രംഗത്തുവന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസില്‍ മാനസിക ആരോഗ്യകേന്ദ്രം ജീവനക്കാരെയും മാനസിക രോഗികളെയും പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സത്‍നാം സിങിന്റെ അച്ഛന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പ്രാഥമിക വാദം കേട്ടതിനു ശേഷം നാല്‍പ്പതിലധികം തവണ കേസ് മാറ്റി വച്ചു. ഈ സാഹചര്യത്തിലാണ് സങ്കടഹര്‍ജി നല്‍കാന്‍ ഹരീന്ദ്ര കുമാര്‍ സിങ് തീരുമാനിച്ചത്.