യുഎഇ: ഗള്‍ഫ് മേഖലയില്‍ മൂല്യവര്‍ധിത നികുതി നിലവില്‍. എണ്ണയിതര വരുമാനം കൂടുതല്‍ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദിയും യുഎഇയും മൂല്യവര്‍ധിത നികുതി ഈടാക്കി തുടങ്ങി. സാധന സാമഗ്രികള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചു ശതമാനമാണ് വാറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, പൊതുസേവനങ്ങള്‍ തുടങ്ങിയവയ്ക്കാകും വാറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

യുഎഇയില്‍ വിദ്യാഭ്യാസ ഫീസ്, ചികില്‍സാ ചെലവ്, യാത്രക്കൂലി തുടങ്ങിയവയെ വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബ്രഡ് മുതല്‍ പച്ചക്കറി വരെ എല്ലാത്തരം ഭക്ഷ്യവസ്തുക്കള്‍ക്കും അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്തുന്നതോടെ ജീവിത ചിലവില്‍ വര്‍ധനയുണ്ടാകും. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ് വാറ്റ് ഇളവ് ലഭ്യമാകുന്നതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ആരോഗ്യ രംഗത്തു വാക്സിനേഷന്‍, ചികില്‍സ തുടങ്ങിയവയ്ക്കു വാറ്റ് ബാധകമല്ല. 

എന്നാല്‍ കോസ്മെറ്റിക്സ് തുടങ്ങിയ ചികില്‍സ അല്ലാത്ത സേവനങ്ങള്‍ക്ക് വാറ്റ് ബാധകമാണ്. ക്യാബിനറ്റ് തീരുമാനത്തില്‍ ഇല്ലാത്ത മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വാറ്റ് നല്‍കേണ്ടതുണ്ട്. ജലം, വൈദ്യുതി, ടെലിഫോണ്‍, മൊബൈല്‍ കോളുകള്‍ തുടങ്ങിയവയ്ക്കും വാറ്റ് ബാധകമാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് അഞ്ചുശതമാനം വാറ്റ് ഈടാക്കുമെങ്കിലും താമസ വാടകയ്ക്കു നല്‍കേണ്ടതില്ലെന്നാണു വിവരം. മറ്റ് ജിസിസി രാജ്യങ്ങളും വരും വര്‍ഷങ്ങളില്‍ വാറ്റ് നടപ്പാക്കി തുടങ്ങുമെന്ന് ഭരണാധികാരികള്‍ അറിയിച്ചിട്ടുണ്ട്.