ഇന്ത്യക്കാര്‍ക്ക് പുറമെ യമന്‍, ഈജിപ്‍ത് പൗരന്മാര്‍ക്കും സൗദി അറേബ്യ പൊതുമാപ്പ് കാലാവധി ഒരുമാസം കൂടി നീട്ടി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ എല്ലാ വെള്ളിയാഴ്ചയും ദമ്മാമിലും ശനിയാഴ്ചകളിലും പൊതുമാപ്പ് പ്രയോജനപ്പെടുത്താനുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

സൗദിയിലുള്ള ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് കാലാവധി ഒരുമാസം കൂടി നീട്ടി നല്‍കിയതായി ഇന്ത്യന്‍ എംബസി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് പുറമെ യമന്‍, ഈജിപ്‍‌ത് പൗരന്മാര്‍ക്കും സൗദി സര്‍ക്കാര്‍ ഒരുമാസത്തേക്ക് കൂടി പൊതുമാപ്പ് കാലാവധി നീട്ടി നല്‍കി. ഇരു രാജ്യങ്ങളുടെയും എംബസിയാണ് ഇക്കാര്യം അറിയിച്ചത്.ഈ മാസം 16 മുതല്‍ ഒക്ടോബര്‍ 15 വരേയാണ് പൊതുമാപ്പ് നീട്ടി നല്‍കിയിരിക്കുന്നത്.

ഈ കാലയളവില്‍ എല്ലാ വെള്ളിയാഴ്ചയും ദമ്മാമിലും ശനിയാഴ്ചകളില്‍ അല്‍ കോബാറിലും ഈ മാസം 22 നു ജുബൈലിലും ഇന്ത്യന്‍ എംബസി അധികൃതര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താനുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് കോണ്‍സുലര്‍ അനില്‍ നോട്ടിയാല്‍ അറിയിച്ചു. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍, ഹജ്ജ്, ഉംറ, സന്ദര്‍ശന വിസകളിലെത്തി അനധികൃതമായി തങ്ങുന്നവര്‍, അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്ത് പിടിക്കപെട്ടവര്‍ തുടങ്ങിയവര്‍ക്കു യാതൊരു ശിക്ഷാ നടപടികളുമില്ലാതെ പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്നതിനു കഴിയും.