സൗദിയിലെ കടകളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ചില്ലറ ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വാറ്റ് പ്രാബല്യത്തില്‍ വന്നതോടെ ചില്ലറ അനിവാര്യമായ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നതോടെ വ്യാപാര സ്ഥാപനങ്ങളില്‍ ആവശ്യമായ ചില്ലറ ഉണ്ടെന്നു ഉറപ്പ് വരുത്താന്‍ വാണിജ്യ നിക്ഷേപ മന്ത്രാലയം നിര്‍ദേശിച്ചു. ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം വാറ്റ് ഈടാക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ബാക്കി തുക നല്‍കാന്‍ ഉണ്ടെങ്കില്‍ കൃത്യമായി നല്‍കണം. ഇതിനു ചെറിയ നാണയങ്ങള്‍ കടകളില്‍ ആവശ്യമാണ്‌. ഇത് ഉറപ്പ് വരുത്താന്‍ കടകളില്‍ പരിശോധന നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ആവശ്യമായ ചില്ലറ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ നൂറു റിയാല്‍ പിഴ ചുമത്തും. രണ്ടാമതും പിടിക്കപ്പെട്ടാല്‍ സ്ഥാപനം അടച്ചു പൂട്ടുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അഞ്ച് ശതമാനം വാറ്റ് ഈടാക്കുന്നത് പ്രയാസമാണെന്ന് പലരും പരാതിപ്പെട്ടിരുന്നു. ആവശ്യമായ ചില്ലറ ഇല്ലാത്തതിനാല്‍ ഒന്നികില്‍ യഥാര്‍ത്ഥ വിലയില്‍ നിന്നും കുറച്ചു അല്ലെങ്കില്‍ കൂട്ടിയാണ് പല സ്ഥാപനങ്ങളും ഇന്നും ഇന്നലെയും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയ വില. എല്ലാ കടകളിലും ആവശ്യമായ നാണയങ്ങള്‍ ഉണ്ടായാല്‍ ഇത്തരം പരാതികള്‍ക്ക് ഒരു പരിധി വരെ പരിഹാരം ആകുമെന്നാണ് പ്രതീക്ഷ.