സൗദിയില്‍ മൂല്യവർദ്ധത നികുതിയുമായി ബന്ധപ്പെട്ട് നൂറുക്കണക്കിനു നിയമലംഘനങ്ങള്‍ കണ്ടെത്തി. ആറായിരത്തിലധികം സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വാറ്റ് സംബന്ധമായ നിയമലംഘനങ്ങള്‍ കണ്ടെത്താനായി വലിയ പരിശോധനയാണ് സൌദിയില്‍ നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 6,052 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇതില്‍ 247 നിയമലംഘനങ്ങള്‍ കണ്ടെത്തി. വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുക, ഉല്‍പ്പന്നങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ഷോപ്പിംഗ്‌ മാളുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, ഗ്യാസ് സ്റ്റേഷനുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടന്നു. പിടിക്കപ്പെട്ടവര്‍ക്കെതിരെ പിഴ ചുമത്തി. ഇവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാണിജ്യ നിക്ഷേപ മന്ത്രാലയവും ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്‍ഡ് ടാക്സും സംയുക്തമായാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പതിനെട്ടോളം സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധനകളുടെ ഭാഗമാകുന്നുണ്ട്. നിയമലംഘനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ. എന്നാല്‍ പല ഭാഗത്തും വാറ്റ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത നില നില്‍ക്കുകയാണ്. സാധനങ്ങള്‍ക്ക് പല തരത്തിലാണ് പല കടകളും വാറ്റ് ഈടാക്കുന്നത് എന്ന പരാതി വ്യാപകമാണ്. മൊത്ത വിതരണക്കാര്‍ കടകളില്‍ നല്‍കുന്ന സാധനങ്ങളുടെ വിലയിലും ഏകീകൃത സ്വഭാവം വന്നിട്ടില്ല.