സൗദിയില്‍ അടിയന്തിര ചികിത്സക്ക് ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതി ആവശ്യമില്ലെന്നു ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ അറിയിച്ചു. ആരോഗ്യ സ്ഥാപനങ്ങൾ , ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതിക്കായി 24മണിക്കൂറിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ട ഘട്ടങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതിക്ക് വേണ്ടി രോഗി കാത്തിരിക്കേണ്ടതില്ലന്ന് സൗദി ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി. റോഡപകടങ്ങളിലും മറ്റു അത്യാഹിത ഘട്ടങ്ങളിലും ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾ ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതിക്കായി 24മണിക്കൂറിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മതിയാവുമെന്ന് കൗണ്‍സില്‍ വക്താവ് യാസിര്‍ അല്‍ മആരിക് പറഞ്ഞു.

ഇന്‍ഷൂറന്‍സ് രേഖകളില്‍ രേഖപ്പെടുത്തിയ നിശ്ചിത ശതമാനം പണമല്ലാതെ മറ്റൊരു തുകയും ചികിത്സക്ക് നല്‍കേണ്ടതില്ല. ആവശ്യമങ്കെില്‍ മറ്റു ആശുപത്രികളിലേക്കു മികച്ച ചികിത്സക്കായി രോഗിയെ മാറ്റാവുന്നതാണ്. ഇങ്ങിനെ മാറ്റുന്ന ഘട്ടങ്ങളില്‍ അംഗീകൃത ആംബുലന്‍സുകളില്‍ മാത്രേമേ രോഗികളെ മാറ്റാവു.

പരിശോധനകള്‍, മരുന്നുകള്‍, ശസ്‍ത്രക്രിയ ഉള്‍പ്പടെ അഞ്ച് ലക്ഷം റിയാലിന്റെ വരെ ഇൻഷുറൻസ് പരിരക്ഷയാണ് ഒരു രോഗിക്കു ലഭിക്കുന്നത്.

എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറി പോലുള്ള കോസ്‌മെറ്റിക് ചികിത്സ ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പരിധിയില്‍പ്പെടില്ലന്ന് കൗണ്‍സില്‍ വക്താവ് അറിയിച്ചു.