സ്വദേശിവല്‍ക്കരണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുമെന്ന് സൗദി

സ്വദേശിവല്‍ക്കരണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം . സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്‍മ കുറയ്‍ക്കാന്‍ ലക്ഷ്യമിട്ട പദ്ധതികള്‍ വിജയത്തിലേക്കെത്തുകയാണ്. യോഗ്യരായ സൗദി പൗരന്‍മാര്‍ക്ക് അര്‍ഹമായ വേതനം ഉറപ്പാക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയിലേക്ക് സ്വദേശീ ജീവനക്കാരെ ആകര്‍ഷിക്കുന്നതിനായി പ്രധാനമായും ഏഴു പദ്ധതികളാണ് സൗദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്നത്. സൗദി ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കുക, തൊഴില്‍ പരിശീലനം നല്‍കുക, വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികളെ പ്രോത്സാഹിപ്പിക്കുക, തൊഴിലാളികളെ റിക്രൂട്ട്മെന്‍റ് ചെയ്യുമ്പോള്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സംവിധാനം ഉണ്ടാക്കുക, പാര്‍ട്ട്ടൈം ജോലിയെ പ്രോത്സാഹിപ്പിക്കുക, സ്വദേശീ സംരംഭകര്‍ക്ക് കൂടുതല്‍ അവസരം നല്‍കുക, തൊഴില്‍ നിയമന സംവിധാനം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതികള്‍. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്‍മ കുറയ്‍ക്കുക, അഭ്യസ്‍തവിദ്യരായ സ്വദേശികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളോടെ മെച്ചപ്പെട്ട ജോലി കണ്ടെത്തുക തുടങ്ങിയവ പദ്ധതികളുടെ ലക്ഷ്യങ്ങളാണ്. നിരവധി മേഖലകളില്‍ ഇതിനകം സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കി. വരും ദിവസങ്ങളില്‍ വിദേശികള്‍ ജോലി ചെയ്യുന്ന മറ്റു പല മേഖലകളിലും സൗദിവല്‍ക്കരണം നടപ്പിലാക്കും. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ഈ പദ്ധതികള്‍ മൂലം ജോലി നഷ്‍ടപ്പെട്ടു.