സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ സൗദിയില്‍ ഭൂരിഭാഗം ഹജ്ജ് ഉമ്ര സര്‍വീസ് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദാക്കി. തീര്‍ഥാടകര്‍ വിസാ കാലാവധിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങാത്തതാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പ്രധാന ആരോപണം.
ഇരുനൂറ് ആഭ്യന്തര ഹജ്ജ് ഉമ്ര സര്‍വീസ് സ്ഥാപനങ്ങളില്‍ നൂറ്റിയമ്പത് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദാക്കി. തീര്‍ഥാടകര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ ഈ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. ഹജ്ജ് ഉമ്ര വിസകളുടെ കാലാവധിക്കു ശേഷവും പല തീര്‍ഥാടകരും സൗദിയില്‍ തങ്ങിയതാണ് നടപടിക്ക് പ്രധാന കാരണം. അറുപത് ലക്ഷത്തോളം വിദേശ തീര്‍ഥാടകര്‍ കഴിഞ്ഞ സീസണില്‍ ഉംറ നിര്‍വഹിച്ചതായാണ് കണക്ക്. ഇതില്‍ നാലായിരം തീര്‍ഥാടകര്‍ വിസാ കാലാവധിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്ന് ഹജ്ജ് ഉമ്ര മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് അല്‍ മദീന അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അനധികൃത താമസക്കാരുടെ എണ്ണം വളരെ കുറവാണ്. നിയമ ലംഘകര്‍ക്കെതിരെയും, സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന സര്‍വീസ് സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ശക്തമായതോടെയാണ് അനധികൃത താമസക്കാരുടെ എണ്ണം കുറഞ്ഞത്. ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പല സര്‍വീസ് സ്ഥാപനങ്ങളും നേരത്തെ അടച്ചു പൂട്ടിയിരുന്നു. നിലവിലുള്ള സര്‍വീസ് സ്ഥാപങ്ങളുടെ ലൈസന്‍സ് പുതുക്കാന്‍ ഈ മാസാവസാനം വരെ അപേക്ഷിക്കാം. ഇരുപത് ലക്ഷം റിയാലിന്റെ ബാങ്ക് ഗ്യാരണ്ടി വേണമെന്നതാണ് ലൈസന്‍സ് പുതുക്കുന്നതിനുള്ള പ്രധാന നിബന്ധന. സേവനങ്ങളില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്നുള്ള പിഴ, നഷ്ടപരിഹാരം തുടങ്ങിയവ ഈ തുകയില്‍ നിന്നും ഈടാക്കും. തീര്‍ഥാടകരുടെ താമസം, ഭക്ഷണം, യാത്ര തുടങ്ങിയ സേവനങ്ങളില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
