സൗദിയില്‍ പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി. ലേബര്‍ ഓഫീസിനെ സമീപിക്കുന്നതിനു പകരം പൊതുമാപ്പിനു അര്‍ഹരായവര്‍ നാടുകടത്തല്‍ കേന്ദ്രത്തെ സമീപിച്ചാല്‍ മതിയാകുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ‍ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ആയിരം ഇന്ത്യക്കാര്‍ മാത്രമാണ് ജിദ്ദയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത

പൊതുമാപ്പിന് അര്‍ഹരായ ചില വിഭാഗങ്ങള്‍ ഫൈനല്‍എക്സിറ്റ് ലഭിക്കാന്‍ആദ്യം ലേബര്‍ ഓഫീസിനെയും പിന്നീട് നാടു കടത്തല്‍ കേന്ദ്രമായ തര്‍ഹീലിനെയും സമീപിക്കണം എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദേശം. താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍, ഇതുവരെ ഇഖാമ ലഭിക്കാത്തവര്‍, നിതാഖാത് പ്രകാരം ചുവപ്പ് വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, സ്‍പോണ്‍സര്‍ മരണപ്പെട്ട തൊഴിലാളികള്‍ തുടങ്ങിയവര്‍ ഈ ഗണത്തില്‍പ്പെടും. ഇവര്‍ ഇനി ലേബര്‍ ഓഫീസില്‍ പോകാതെ നേരിട്ട് തര്‍ഹീലില്‍ പോയാല്‍ ഫൈനല്‍ എക്സിറ്റ് ലഭിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുസ്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷൈയ്ഖ്‌ പറഞ്ഞു.

അതേസമയം പൊതുമാപ്പ് ഒരാഴ്ച പിന്നിട്ടപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ 1005 ഇന്ത്യക്കാര്‍ മാത്രമാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇതുവരെ രജിസ്റ്റര്‍ചെയ്തത്. ഏറ്റവും കൂടുതല്‍ യു.പിയില്‍ നിന്നുള്ളവരാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം സ്ഥാനത്ത് കേരളമാണ്. യു.പിയില്‍നിന്നുള്ള 544 പേര്‍ കോണ്‍സുലേറ്റിനെ സമീപിച്ചപ്പോള്‍പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ നൂറു മലയാളികളാണ് എത്തിയത്. 150 ഔട്ട്‌പാസുകള്‍ ഇതുവരെ ഇഷ്യൂ ചെയ്തു. പൊതു മാപ്പില്‍ റമദാന്‍ ഉള്‍പ്പെടുന്നതിനാല്‍ അവസാന നിമിഷം വരെ കാത്തിരിക്കാതെ അവസരം പ്രയോജനപ്പെടുത്തണമെന്ന് കോണ്‍സുലേ‍ ജനറല്‍ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.

സ്‌പോണ്‍സറില്‍നിന്നും ഒളിച്ചോടിയതായി ആരോപിക്കപ്പെട്ട് ഹുറൂബ് കേസില്‍പെട്ടവരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വരുന്നവരില്‍ കൂടുതലും. പൊതുമാപ്പില്‍നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരുടെ യഥാര്‍ത്ഥ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല.