Asianet News MalayalamAsianet News Malayalam

സൗദിയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ നാല് ലക്ഷത്തിലധികം പേര്‍

saudi arabia amnesty
Author
First Published Jun 15, 2017, 1:09 AM IST

റിയാദ്; സൗദിയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ മുന്നോട്ടു വന്നതായി റിപ്പോര്‍ട്ട്. നിയമലംഘകരായ എല്ലാ വിദേശികളും പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടു. റമദാന്‍ അവസാനത്തോടെ പൊതുമാപ്പ് തീരും.
 
404,253 വിദേശികള്‍ ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വന്നതായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി. ഇതില്‍ ഒരു ലക്ഷത്തിലധികം പേര്‍ നാട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുയാണെന്ന് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി സുലൈമാന്‍ അല്‍ യഹിയ പറഞ്ഞു. 

താമസ തൊഴില്‍ നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണ് മൂന്നു മാസത്തെ പൊതുമാപ്പ്. പൊതുമാപ്പ് അവസാനിക്കാന്‍ ഇനി പന്ത്രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. നിയമലംഘകരെല്ലാം ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങണമെന്ന് സുലൈമാന്‍ അല്‍ യഹിയ ആവശ്യപ്പെട്ടു. റമദാനിനു ശേഷം നിയമലംഘകര്‍ക്കായി കര്‍ശനമായ പരിശോധന ഉണ്ടായിരിക്കും. 

പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ ശക്തമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഒരു കരുണയും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിയമലംഘകര്‍ക്ക് തൊഴില്‍, താമസം, യാത്ര സൗകര്യങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. 

ഹജ്ജ് ഉംറ സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞവര്‍, ഹുറൂബ് കേസില്‍ പെട്ടവര്‍, താമസരേഖയായ ഇഖാമ ലഭിക്കാത്തവര്‍ തുടങ്ങിയര്‍ക്കെല്ലാം പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ നിന്നോ വിമാനത്താവളത്തില്‍ നിന്നോ ആണ് ഫൈനല്‍ എക്‌സിറ്റ് നല്‍കുന്നത്.
 

Follow Us:
Download App:
  • android
  • ios