റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ വിമാനക്കമ്പനികളോട് സൗദി ശൂറാ കൌണ്‍സില്‍ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പാകത്തില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാനാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന് കൗണ്‍സില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 

കൂടാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സെല്‍ഫ് സര്‍വീസ് സംവിധാനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ശൂറാ കൌണ്‍സില്‍ ആവശ്യപ്പെട്ടു. സിവില്‍ ഏവിയേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട്, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐ.ടി കമ്മിറ്റി നിരക്ക് കുറയ്ക്കണം എന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് ശൂറാ കൌണ്‍സിലിന്റെ ഇടപെടല്‍. യാത്രക്കാര്‍ക്ക് ആവശ്യമായ സീറ്റുകളുടെ എണ്ണം ആഭ്യന്തര സര്‍വീസുകളില്‍ ഉറപ്പ് വരുത്തണം. സേവനങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ പരാതി നല്‍കിയാല്‍ പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്നും സിവില്‍ ഏവിയേഷനോട് ശൂറാ കൌണ്‍സില്‍ ആവശ്യപ്പെട്ടു.