സൗദി സര്‍ക്കാര്‍ വ്യോമയാന മേഖലയില്‍ നേരത്തെ പ്രഖ്യാപിച്ച ഉദാരവത്കരണ നയത്തിന്റെ ഭാഗമായാണ് സൗദി ഗള്‍ഫ് എയര്‍ലൈന്‍സിന് ആഭ്യന്തര സര്‍വീസ് നടത്തുവാനുള്ള അനുമതി ലഭിച്ചത്.കഴിഞ്ഞ ദിവസമാണ് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ ഔദ്യോഗിക അനുമതി സൗദി ഗള്‍ഫ് എയര്‍ലൈന്‍സിന് ലഭിച്ചത്. സൗദിയുടെ ദേശീയ വിമാന കമ്പനിയായ സൗദിയക്കും ബജറ്റ് എയര്‍ലൈനായ ഫ്ലൈനാസിനിനും മാത്രമാണ് നിലവില്‍ രാജ്യത്ത് ആഭ്യന്തര സര്‍വീസ് നടത്തുവാന്‍ അനുമതിയുള്ളത്. 

സൗദിയില്‍ വിദേശ വിമാന കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ അനുമതിയില്ല. 2012 മുതല്‍ മറ്റ് വിമാന കമ്പനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഖത്തര്‍ എയര്‍വേസിന്റെ അല്‍ മഹാ എയര്‍വേസിനും ഇത് പ്രകാരം അനുമതി നല്‍കിയെങ്കിലും മറ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് സെപറ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന സര്‍വീസുകള്‍ ആദ്യഘട്ടത്തില്‍ ദമ്മാം-റിയാദ്, ദമ്മാം-ജിദ്ദ റൂട്ടുകളിലായിരിക്കും നടത്തുക.