എണ്ണേതര വരുമാന മാര്‍ഗം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. വിദേശ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന വിസാ ഫീസും എക്‌സിറ്റ് റീ-എന്ട്രി ഫീസും കുത്തനെ വര്‍ധിപ്പിച്ചു. വിദേശ തൊഴിലാളികള്‍ക്ക് സൗദിക്ക് പുറത്ത് പോകാനുള്ള എക്‌സിറ്റ് റീ-എന്‍ട്രിയടിക്കാനുമുള്ള ഫീസ്‌ രണ്ടു മാസത്തേക്ക് 200 റിയാല്‍ തന്നെയായിരിക്കും. എന്നാല്‍ തുടര്‍ന്നുള്ള ഓരോ മാസത്തിനും 100 റിയാല്‍ വീതം നല്‍കണം. അതായത് ആറു മാസത്തെ എക്‌സിറ്റ് റീ-എന്‍ട്രിക്ക് ഇതുവരെ 200 റിയാല്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 600 റിയാല്‍ നല്‍കണം. ഒരു വര്‍ഷത്തേക്ക് 1200 റിയാല്‍. അഞ്ചംഗ കുടുംബത്തിന് ഒരു വര്‍ഷത്തെക്ക് നാട്ടില്‍ പോകണമെങ്കില്‍ എക്‌സിറ്റ് റീ എന്‍ട്രിക്ക് മാത്രം 6000 റിയാല്‍ വേണം. മൂന്നു മാസത്തെ മള്‍ട്ടിപ്പ്ള്‍ റീ-എന്‍ട്രിക്ക് 500 റിയാലും തുടര്‍ന്നുള്ള ഓരോ മാസത്തിനും 200 റിയാല്‍ വീതവുമായിരിക്കും ഫീസ്‌. 

ഹജ്ജ്-ഉംറ വിസകള്‍ക്ക് രണ്ടായിരം റിയാല്‍ ഫീസ്‌ ഈടാക്കും. എന്നാല്‍ ആദ്യമായി ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നവരുടെ ഫീസ്‌ സൗദി ഗവണ്മെന്റ് വഹിക്കും. സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയ്‌ക്കും രണ്ടായിരം റിയാലാണ് ചാര്‍ജ്ജ്. മള്‍ട്ടിപ്പ്ള്‍ വിസിറ്റ് വിസയ്‌ക്ക് ആറു മാസത്തേക്ക് 3000 ഒരു വര്‍ഷത്തേക്ക് 5000 രണ്ടു വര്‍ഷത്തേക്ക് 8000വും റിയാല്‍ നല്‍കണം. 300 റിയാല്‍ ആയിരിക്കും ട്രാന്‍സിറ്റ് വിസാ ഫീസ്‌. പുതുക്കിയ ഫീസ്‌ ഒക്ടോബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശ തൊഴിലാളികള്‍ക്കും ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കുമെല്ലാം കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് പുതിയ നിയമം. 

തൊഴിലാളികളുടെ എക്‌സിറ്റ് റീ-എന്‍ട്രി,ബിസിനസ് ട്രിപ്പുകള്‍ തുടങ്ങിയ വകയില്‍ സൗദിയിലെ ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളും വന്‍ തുക ചെലവഴിക്കേണ്ടി വരും. ഗതാഗത നിയമ ലംഘനങ്ങളുടെയും സ്ട്രീറ്റ് പരസ്യങ്ങളുടെയും ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ധനകാര്യ ആസൂത്രണ മന്ത്രാലയങ്ങളാണ് ഫീസ്‌ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം മുന്നോട്ടു വെച്ചത്.