റിയാദ്: പണം വെളുപ്പിക്കൽ സംബന്ധിച്ച് സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം.
പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നേരിടുന്ന കാര്യത്തിൽ സഹകരിക്കുന്നതിനും അന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാറിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നേരിടുന്ന കാര്യത്തിൽ സഹകരിക്കുന്നതിനും അന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് കരാറിന് അംഗീകാരം നൽകിയത്. പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകൽ തുടങ്ങി ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നേരിടുന്ന കാര്യത്തിൽ സഹകരിക്കുന്നതിനും അന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും തീരുമാനമായി. 

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ സൗദി സന്ദർശനത്തിനിടയിലാണ് ഇരു രാജ്യങ്ങളിലെയും സാമ്പത്തിക കുറ്റാന്വേഷണ വകുപ്പുകൾ തമ്മിൽ ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ സമർപ്പിച്ച റിപ്പോർട്ടും ധാരണാപത്രം അംഗീകരിച്ചുകൊണ്ടുള്ള ശുറാ കൗൺസിൽ തീരുമാനവും പരിഗണിച്ചാണ് മന്ത്രിസഭയുടെ ഈ അന്തിമാംഗീകാരം.