വിദേശികള്‍ അയക്കുന്ന പണത്തിനു 6 ശതമാനം സര്‍ച്ചാർജ് ഏര്‍പ്പെടുത്തണമെന്ന് മുന്‍ ശൂറാ കൗണ്‍സില്‍ അംഗം ഡോ.ഹിസാം അല്‍ അന്‍ഖരി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആദ്യ വര്‍ഷം 6 ശതമാനം സര്‍ച്ചാർജും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് കുറച്ചു കൊണ്ട് വന്നു 5മത്തെ വര്‍ഷം സര്‍ച്ചാർജ് രണ്ട് ശതമാനമായി ചുരുക്കണം. 

കൂടാതെ വിദേശികളുടെ വരുമാനത്തിന്‍റെ നിശ്ചിത ശതമാനം രാജ്യത്ത് ചിലവഴിക്കുന്നതിനോ നിക്ഷേപം നടത്താനോ പ്രേരിപ്പിക്കണം. ഒപ്പം വിദേശികള്‍ക്കു നല്‍കുന്ന സേവന നിലവാരം ഉയര്‍ത്തുകയും വേണമെന്നാണ് ഡോ.ഹിസാം അഭിപ്രായപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സൗദി ശൂറാ കൗണ്‍സില്‍ സാമ്പത്തിക സമതിയാണ് സര്‍ച്ചാർജ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചു പഠനം നടത്തുക.

വിദേശികള്‍ അയക്കുന്ന പണത്തിനുള്ള സര്‍ച്ചാർജ് സൗദി മോണിറ്ററിംഗ് ഏജന്‍സിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണം. മാസം തോറും സ്വദേശത്തേക്ക് പണം അയക്കാത്ത വിദേശി നാടു വിടുമ്പോള്‍ അതുകണക്കാക്കി സര്‍ചാര്‍ജ് ഈടാക്കണം. സര്‍ച്ചാർജ് നല്‍കാതിരിക്കുകയോ പണം മറ്റു മാര്‍ഗങ്ങളിലുടെ കടത്തുകയോ ചെയ്യുന്നവര്‍ക്കു സര്‍ചാർജിന്‍റെ തുകയെക്കാള്‍ കൂടാത്ത സംഖ്യ പിഴ ചുമത്തണം. 

നിയമ ലംഘനം ആവര്‍ത്തിക്കുന്നതിനനുസരിച്ചു പിഴ സംഖ്യയും കൂട്ടണം. സര്‍ചാര്‍ജ് നല്‍കാതെ പണം അനധികൃതമായി അയക്കാന്‍ സഹായിക്കുന്നവര്‍ക്കും സമാനമായ തുക പിഴയായി ഈടാക്കണം. അതേ സമയം വിദേശികള്‍ അയക്കുന്ന പണത്തിനു തല്‍കാലം സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലന്ന് ധന മന്ത്രി ഡോ. ഇബ്രാഹീം അല്‍ അസ്സാഫ് നേരത്തെ അറിയിച്ചിരുന്നു.