സൗദി ഓജര്‍ കമ്പനിയിലെ ഇരുപത്തിയാറ് തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്ന ആദ്യ സംഘത്തിലുള്ളത്. നേരത്തെ ഫൈനല്‍ എക്സിറ്റ് അടിച്ചു വെച്ചവരാണ് ഈ തൊഴിലാളികള്‍. സൗദി സര്‍ക്കാറിന്‍റെ ചിലവില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ രാവിലെ പത്ത് മണിക്ക് സംഘം ജിദ്ദയില്‍ നിന്നും പുറപ്പെടും. 

വൈകുന്നേരം ആറിന് ദില്ലിയില്‍ എത്തും. അവിടെ നിന്നും സ്വന്തം വീട്ടിലെത്താനുള്ള ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ല. മലയാളികള്‍ ഉള്‍പ്പെടെ ഫൈനല്‍ എക്സിറ്റ് ലഭിച്ച ഇരുപതോളം തൊഴിലാളികളുടെ മറ്റൊരു ലിസ്റ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യാനായി കോണ്‍സുലേറ്റ് തയ്യാറാക്കിയിട്ടുണ്ട്. 

അതേസമയം ഫൈനല്‍ എക്സിറ്റ് അടിക്കാന്‍ നേരത്തെ സൗദി തൊഴില്‍ മന്ത്രാലയത്തില്‍ മുന്നൂറ് പേരുടെ ലിസ്റ്റ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് ഇതുവരെ ഫൈനല്‍ എക്സിറ്റ് ലഭിച്ചിട്ടില്ല. രണ്ട് മൂന്നു ദിവസത്തിനകം ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും നാട്ടിലേക്ക് മടങ്ങാനാകും എന്നാണു പ്രതീക്ഷ.