സൗദിയില്‍ സ്ത്രീകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ കായിക സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാം. ആദ്യമായാണ് രാജ്യത്ത് വനിതകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കുന്നത്. വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുന്ന ഫുട്ബാള്‍ മത്സരം കാണാന്‍ സ്ത്രീകള്‍ ഉണ്ടാകും.
സൗദിയിലെ സ്റ്റേഡിയങ്ങളില്‍ കായിക മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്ന് കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തിയൊമ്പതിനാണ് ജനറല്‍ സ്‌പോര്‍ട്‌സ് അഥോറിറ്റി പ്രഖ്യാപിച്ചത്. ഇതുപ്രകാരം അടുത്തയാഴ്ച മുതല്‍ സ്ത്രീകള്‍ക്ക് കായിക സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാം. ജനുവരി പന്ത്രണ്ട്, പതിമൂന്നു, പതിനെട്ട് തിയ്യതികളില്‍ ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗ്യാലറിയില്‍ സ്ത്രീകളും ഉണ്ടാകും.
രാജ്യത്തെ പ്രമുഖ ക്ലബ്ബുകള്‍ ആയ അല്‍ അഹലി, അല്‍ ബാതിന്‍, അല്‍ ഹിലാല്‍, ഇത്തിഹാദ്, ഇതിഫാഖ്, അല്‍ ഫൈസലി എന്നിവരാണ് ഈ ദിവസങ്ങളില്‍ നടക്കുന്ന പ്രൊഫഷനല്‍ ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്റ്റേഡിയം, റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയം, ദമാമിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ സ്റ്റേഡിയങ്ങളില്‍ ഇതിനായി പ്രത്യേക സൗകര്യം ഒരുക്കും.
ഈ സ്റ്റേഡിയങ്ങളില്‍ നിന്നുള്ള പ്രതികരണത്തിന് അനുസരിച്ച് മറ്റ് സ്റ്റേഡിയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനാണ് നീക്കം. സൗദി വനിതകള്‍ക്ക് സ്‌പോര്‍ട്‌സ് കോളേജ്, ഫുട്ബാള്‍ ക്ലബ്ബുകള്‍ തുടങ്ങിയവ ആരംഭിക്കാനും നീക്കമുണ്ട്. സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ച് ഒരു മാസത്തിനു ശേഷമാണ് സ്ത്രീകള്‍ക്ക് കായിക സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി നീക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ് സൗദി വനിതകള്‍.
