ജിദ്ദ: സൗദിയില്‍ ഭരണതലത്തില്‍ നടക്കുന്ന അഴിച്ചുപണിയുടെ ഭാഗമായി മന്ത്രിമാരെയും ഗവര്‍ണര്‍മാരെയും മാറ്റുന്നു. ഇതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടേയും സൈനികരുടേയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടേയും വെട്ടിക്കുറച്ച ശമ്പളവും മറ്റു ആനുകൂല്യങ്ങളും പുനസ്ഥാപിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി ഏഴു മാസം മുമ്പാണ് പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത്.
രാജ്യത്തെ എല്ലാ സ്കൂളുകളിലും കോളേജുകളിലും റമദാന്‍ മാസത്തിനു മുമ്പായി വാര്‍ഷിക പരീക്ഷ പൂര്‍ത്തിയാക്കാനും രാജാവ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം രാത്രി രാജാവ് പുറപ്പെടുവിച്ച ഉത്തരവില്‍ പ്രവിശ്യാ ഗവര്‍ണര്‍മാരിലും മന്ത്രിസഭയിലും കാര്യമായ അഴിച്ചുപണി നടത്തി. പുതിയ ഊര്‍ജ മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനെ നിയമിച്ചു.
സാംസ്കാരിക മന്ത്രി ആദില്‍ അല്‍ തുറയ്ഫിയെ മാറ്റി പകരം അവാദ് അല്‍ അവാദിനെ നിയമിച്ചു. വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ സുവൈലിനെ മാറ്റി പകരം മുഹമ്മദ് അല്‍ സവാഹയെ നിയമിച്ചു. സിവില്‍ സര്‍വീസ് മന്ത്രിയായിരുന്ന ഖാലിദ് അല്‍ അറാജിനെയും തല്‍സ്ഥാനത്ത് നിന്നും മാറ്റി. ഇസ്സാം ബിന്‍ സഈദ് ആണ് പുതിയ മന്ത്രി. ഹായില്‍ ഗവര്‍ണര്‍ ആയിരുന്ന പ്രിന്‍സ് സൌദ് ബിന്‍ അബ്ദുല്‍ മുഹ്സിനെ മാറ്റി പകരം പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സആദിനെ നിയമിച്ചു.
പ്രിന്‍സ് മുഷാരി ബിന്‍ സൗദിനെ അല്‍ ബാഹ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റി. പ്രിന്‍സ് ഹുസ്സാം ബിന്‍ സൗദ് ആണ് പുതിയ അല്‍ ബാഹ ഗവര്‍ണര്‍. സൗദിയുടെ വടക്കന്‍ അതിര്‍ത്തി അമീര്‍ ആയിരുന്ന പ്രിന്‍സ് മിശാല്‍ ബിന്‍ അബ്ദുള്ള ബിന്‍ മുസാഅദിനെ മാറ്റി പകരം പ്രിന്‍സ് ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താനെ നിയമിച്ചു. വിവിധ പ്രവിശ്യകളില്‍ ഡെപ്യൂട്ടി അമീറുമാരെയും ചില വകുപ്പുകളില്‍ സഹ മന്ത്രിമാരെയും പുതുതായി നിയമിച്ചു. പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ ആയിരക്കും അമേരിക്കയിലെ പുതിയ സൗദി അംബാസഡര്‍.
