സൗദിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്ന പ്രത്യേക നിയമം വരുന്നു. നിയമത്തിന്റെ കരട് രൂപം സൗദി ശൂറാ കൗണ്‍സില്‍ തയ്യാറാക്കി. 65 വയസിനു മുകളില്‍ പ്രായമുള്ളവരാണ് ഈ പരിധിയില്‍ പെടുക.

മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന അവഗണനയ്‌ക്ക് പരിഹാരം കാണാനും അവരെ സംരക്ഷിക്കാനുമാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നിയമത്തിന്റെ കരട് രൂപം സൗദി ശൂറാ കൗണ്‍സില്‍ തയ്യാറാക്കി. ഇതുപ്രകാരം പ്രായമായവരെ തെരുവില്‍ തള്ളുക, ശാരീരികമായോ, മാനസികമായോ പീഡിപ്പിക്കുക തുടങ്ങിയവ ശിക്ഷാര്‍ഹാമാണ്. മക്കള്‍, പേരക്കുട്ടികള്‍, സഹോദരീ സഹോദരന്മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ നിയമം ബാധകമായിരിക്കും. 10,000 റിയാല്‍ പിഴയും മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവുമാണ് ഇത്തരം കുറ്റങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന ശിക്ഷ. 65 വയസിനു മുകളില്‍ പ്രായമുള്ളവരെല്ലാം മുതിര്‍ന്ന പൗരന്മാരുടെ ഗണത്തില്‍ പെടും. 

ഇവരെ സംരക്ഷിക്കേണ്ട ഒന്നാമത്തെ ചുമതല ഏറ്റവും മുതിര്‍ന്ന മകനായിരിക്കും. പിന്നീട് ക്രമപ്രകാരം താഴെയുള്ള മക്കള്‍ക്കും പേരമക്കള്‍ക്കും സഹോദരന്മാര്‍ക്കുമാണ് സംരക്ഷണ ചുമതല. സംരക്ഷിക്കാന്‍ ബന്ധുക്കള്‍ ഇല്ലെങ്കില്‍ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും. മുതിര്‍ന്ന പൗരന്മാരെ പാര്‍പ്പിക്കാനായി സര്‍ക്കാര്‍ 12 കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഇവയില്‍ 657 പേരാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം സൗദിയില്‍ 65 വയസിനു മുകളില്‍ പ്രായമുള്ള 1,309,713 പൗരന്മാരുണ്ട്. രാജാവിന്റെ അംഗീകാരം ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും.