വിഷന്‍ 2030ന്റെ ഭാഗമായി മക്കയിലെ മസ്ജിദുല്‍ ഹറമില്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള അവസരം ഒരുക്കും. 2030 ആകുമ്പോഴേക്കും മക്കയിലെത്തുന്ന വിദേശ തീര്‍ഥാടകാരുടെ എണ്ണം വര്‍ഷത്തില്‍ മൂന്ന് കോടിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹറം കാര്യ വിഭാഗം മേധാവി ഷെയ്ഖ്‌ അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു. നിലവില്‍ വര്‍ഷത്തില്‍ അറുപത് ലക്ഷത്തോളം തീര്‍ഥാടകരാണ് ഉംറക്കെത്തുന്നത്. 2020ആകുമ്പോഴേക്കും ഇത് ഒന്നര കോടിയില്‍ എത്തും. പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ തീര്‍ഥാടകരുടെ എണ്ണം മൂന്ന് കോടിയാകും. 

മസ്ജിദുല്‍ ഹറമില്‍ നടക്കുന്ന വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഘട്ടം ഘട്ടമായി തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കഅ്ബയെ പ്രദിക്ഷണം വെക്കുന്ന മത്വാഫ്, സഫാ, മര്‍വ കുന്നുകള്‍ക്കിടയില്‍ സഈ നിര്‍വഹിക്കുന്ന മസ്ആ, തീര്‍ഥാടകര്‍ക്കു താമസിക്കാനുള്ള ഹോട്ടലുകള്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. മത്വാഫ് വികസന പദ്ധതി ഏതാണ്ട് പൂര്‍ത്തിയായതോടെ മണിക്കൂറില്‍ ഒരു ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ക്ക് തവാഫ് നിര്‍വഹിക്കാനാവും. ഹറം പള്ളിയിലെ സൗകര്യം വര്‍ധിക്കുന്നതിനനുസരിച്ചു ഹജ്ജ് തീര്‍ഥാടകരുടെ എണ്ണവും വര്‍ധിക്കാനാണ് സാധ്യത.