കാന്‍ ചലച്ചിത്രോത്സവത്തില്‍ ആദ്യമായി സൗദിയും 

റിയാദ്:കാന്‍ ചലച്ചിത്രോത്സവത്തില്‍ ആദ്യമായി സൗദിയും പങ്കാളിയാകുന്നു. മൂന്നര പതിറ്റാണ്ടിനു ശേഷം സൗദിയില്‍ സിനിമ തീയേറ്ററുകള്‍ക്ക് അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മെയ്‌ എട്ടിന് ആരംഭിക്കുന്ന എഴുപത്തിയൊന്നാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ സൗദിയും പങ്കാളിയാകുമെന്നു സൗദി വിവര സാംസ്കാരിക മന്ത്രി ഡോ. അവാദ് അല്‍ അവാദ് അറിയിച്ചു. 

ഇത് ആദ്യമായാണ്‌ സൗദി അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമാകുന്നത്. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ കള്‍ച്ചറിന് കീഴിലുള്ള ഫിലീം കൗണ്‍സിലിന് മേളയില്‍ പ്രത്യേക പവലിയന്‍ ഉണ്ടാകും. സൗദിയില്‍ നിര്‍മിച്ച ഒമ്പത് ഷോര്‍ട്ട് ഫിലിമുകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അതെസമയം ഈ മാസം പതിനെട്ടിന് റിയാദിലെ എഎംസി തീയേറ്ററില്‍ ബോക്സ് ഓഫീസ് ഹിറ്റായ ബ്ലാക്ക്‌ പാന്തര്‍ പ്രദര്‍ശിപ്പിക്കും. 

മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുന്ന ആദ്യസിനിമയാകും ഇത്. 620 പേര്‍ക്ക് ഇരിക്കാവുന്ന തീയേറ്ററില്‍ അവഞ്ചെഴ്സ്, ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. രാജ്യത്തെ പതിനഞ്ചു നഗരങ്ങളിലായി 40 സിനിമാ തീയേറ്ററുകള്‍ ആരംഭിക്കാന്‍ സാംസ്കാരിക മന്ത്രാലയം എഎംസിയുമായി കരാറായിട്ടുണ്ട്‌. 2030 ആകുമ്പോഴേക്കും 350സിനിമകള്‍ 2500 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് പദ്ധതി. മൂന്നര പതിറ്റാണ്ടിന് ശേഷം സൗദിയില്‍ സിനിമാ തീയേറ്ററുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ഡിസംബറിലാണ് അനുമതി ലഭിച്ചത്.