സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി സൗദിയിലെ പല പൊതു സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുന്നു. പൊതു ചെലവുകള്‍ ഗണ്യമായി കുറയ്‌ക്കാനും പുതിയ പദ്ധതികളിലൂടെ സാധിച്ചു.

സേവനം മെച്ചപ്പെടുത്തുക, എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കുന്നത്. ഇതിലൂടെ 20,000 കോടി റിയാല്‍ സമാഹരിക്കാനാകും എന്നാണു പ്രതീക്ഷ. പൊതുമേഖലയിലെ പല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സാമ്പത്തിക ആസൂത്രണ സഹമന്ത്രി മുഹമ്മദ്‌ അല്‍ തുവൈജിരി അറിയിച്ചു. വൈദ്യുതി, ജലം, സ്‌പോര്‍ട്സ്, ധാന്യ മില്ലുകള്‍ തുടങ്ങിയ മേഖലകള്‍ ഈ വര്‍ഷം തന്നെ സ്വകാര്യവല്‍ക്കരിക്കും. പതിനേഴ്‌ സര്‍ക്കാര്‍ വകുപ്പുകളിലായി 85 മേഖലകളില്‍ നിക്ഷേപത്തിനുള്ള അവസരങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയവ പദ്ധതിയില്‍ പെടും. ദേശീയ സ്വകാര്യവല്‍ക്കരണ കേന്ദ്രം വഴിയാണ് പോതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഇതില്‍ അംഗങ്ങളാണ്. 

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിരവധി പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ കൊണ്ട് വരുന്നത്. സ്വകാര്യവത്കരണത്തിനു പുറമേ പൊതു ചെലവുകള്‍ ഗണ്യമായി കുറച്ചു കൊണ്ട് വരാനും തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യപാദത്തില്‍ മാത്രം പൊതു ചെലവ് ഇനത്തില്‍ 450 കോടി റിയാല്‍ കുറയ്‌ക്കാന്‍ സാധിച്ചു. ഈ കാലയളവില് ‍5600 കോടി റിയാല്‍ ബജറ്റ് കമ്മി പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 2,600 കോടി റിയാലായി കുറഞ്ഞു. 2020 ഓടെ ബജറ്റ് കമ്മി പാടെ ഇല്ലാതാക്കാനാണ് പദ്ധതി. എണ്ണയിതര മാര്‍ഗങ്ങളിലൂടെ ആദ്യപാദത്തില്‍ 500 കോടിയോളം റിയാല്‍ സമാഹരിച്ചു. ആഭ്യന്തര ഉത്പാദനം ഈ കാലയളവില്‍ വര്‍ധിച്ചു.