റിയാദ്: സൗദിയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ ഇനി ടെലിവിഷന്‍ സ്‌ക്രീനിലൂടെ ഡ്രൈവര്‍ക്ക് കാണാം. വാഹനം ഓടിക്കുന്നവര്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ നേരിട്ടു ടെലിവിഷന്‍ സ്‌ക്രീനിലൂടെ ബോധ്യപ്പെടുത്തുന്ന പുതിയ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് സൗദി ഗാതാഗത ഡയറക്ടറേറ്റ് അറിയിച്ചു. 

അമിത വേഗതയുള്‍പ്പടെയുള്ള ട്രാഫിക് നിയമ ലംഘനങ്ങള്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ വഴി ഡ്രൈവര്‍ക്ക് നേരിട്ട് കാണുന്നതരത്തിലുള്ള പരിഷ്‌കരണ പദ്ധതിയാണ് രാജ്യത്തു നടപ്പിലാക്കാന്‍ പോകുന്നത്. പദ്ദതി ഉടന്‍ നടപ്പിലാക്കുമെന്ന് സൗദി ഗാതാഗത ഡയറക്ടറേറ്റ് മേധാവി എന്‍ജിനീയര്‍ സല്‍മാന്‍ അല്‍ ദല്‍ആന്‍ അറിയിച്ചു. 

ഇതിന്റെ ആദ്യപടിയായി റിയാദിലെ പ്രാധാന ഹൈവേയില്‍ ചില സ്ഥലങ്ങളില്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. അമിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വിവരം അപ്പോള്‍ തന്നെ നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷന്‍ സ്‌ക്രീനിലൂടെ ഡ്രൈവര്‍മാര്‍ക്ക് അറിയാന്‍ കഴിയും. നിശ്ചിത പരിധിയിലും വേഗത്തിലാണ് വാഹനം ഓടികൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാനും വേഗത കുറക്കാനും ഇത് സഹായകമാവും. 

കൂടാതെ വാഹനം ഓടിക്കുന്നവര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ സൗദി ചാനല്‍ വണ്‍ മുഖേന സംപ്രേഷണം ചെയ്യുമെന്നും ട്രാഫിക് വ്യത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് റോഡപകടങ്ങള്‍ മൂലമുള്ള മരണവും അപകടത്തില്‍ പരിക്കു പറ്റുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.