വിദേശികളായ എന്‍ജിനീയര്‍മാര്‍ക്ക് സൗദി എന്‍ജിനീയറിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മൂന്നു വര്‍ഷത്തെ അനുഭവ പരിചയം നിര്‍ബന്ധമാണെന്ന് കൗണ്‍സില്‍ മേധാവി ഡോ. ജമീല്‍ ബഖ്ആവി പറഞ്ഞു. വിദേശ എന്‍ജിനീയര്‍മാര്‍ക്കു തൊഴില്‍ പെര്‍മിറ്റും ഇഖാമയും അനുവദിക്കുന്നതിനു എന്‍ജിനീയറിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. എന്‍ജിനീയര്‍മാരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം മാത്രമാണ് ഇവര്‍ ഇഖാമ അനുവദിക്കുന്നത്. കൂടാതെ ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ നടത്തി യോഗ്യത ഉറപ്പാക്കണമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. 

എന്‍ജിനീയര്‍മാരുടെ അനുഭവ പരിജ്ഞാനമില്ലായ്മ പല പദ്ധതികളെയും ബാധിക്കുന്നുന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് പുതിയ വ്യവസ്ഥ.
വിവിധ രാജ്യങ്ങളില്‍ നിന്നായി 1,60,000 എന്‍ജിനീയര്‍മാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 40,000 പേര്‍ മാത്രമാണ് സ്വദേശികള്‍. സ്വദേശി എന്‍ജിനീയര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു രാജ്യത്തെ എന്‍ജീനീയറിംഗ് കോളേജുകളുടെ എണ്ണം ഉയര്‍ത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.