കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ വിവിധ കേസുകളില്‍ പിടിയിലായത് 12000 പേര്.

സൗദിയില്‍ ആറ് മാസത്തിടെ നിയമ ലംഘകര്‍ക്കായി പിഴയിട്ടത് 426 മില്യണ്‍ റിയാല്‍. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ വിവിധ കേസുകളില്‍ പിടിയിലായത് 12000 പേര്. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യവുമായി കഴിഞ്ഞ ആറ് മാസമായി രാജ്യത്ത് തുടരുന്ന പരിശോധനകളില്‍ പിടിക്കപ്പെട്ടവര്‍ക്കാണ് പിഴ ചുമത്തിയത്. പിടിക്കപ്പെട്ട നിയമ ലംഘകരായ ഇരുപത്തി നാലായിരം പേര്‍ക്കെതിരെ പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇത്രയും പേര്‍ക്കെതിരെ പിഴയായി ചുമത്തിയത് 426 മില്യണ്‍ റിയാലാണ്. ഇഖാമ തൊഴില്‍ നിയമ ലംഘകരും നിയമ ലംഘകരെ ജോലിക്ക് വെക്കുകയും അവരുടെ വിവരങ്ങള്‍ മറച്ചു വെക്കുകയും ചെയ്തവരും ഇതില്‍ ഉള്‍പ്പെടും. ഈ കാലയളവില്‍ പിടിയിലായത് 10,98,042 നിയമ ലംഘകരാണ്. അതേസമയം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12,562 പേരെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പട്രോള്‍ പോലീസ് പിടികൂടിയതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ക്രിമിനല്‍ കേസ് പ്രതികളായ 3844 പേരും ഇതില്‍ ഉള്‍പ്പെടും.