സൗദിയില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധന സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ നീക്കം. നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധന കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം, നഗര ഗ്രാമകാര്യ മന്ത്രാലയം എന്നിവ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന തൊഴില്‍ പരിശോധനകളാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. ഇതുസംബന്ധമായ നീക്കം അവസാന ഘട്ടത്തിലാണെന്ന് അല്‍ മദീന അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
തൊഴില്‍ മേഖലയിലെ നിയമലംഘനങ്ങളും അനധികൃത തൊഴിലാളികള്‍ ജോലി ചെയ്യുന്നതും തടയുന്നത് കുറ്റമറ്റതും, വേഗത്തിലുമാക്കുകയാണ് ഇതുകൊണ്ടുള്ള പ്രധാന ലക്ഷ്യം. സര്‍ക്കാര്‍ വരുമാനം ഇതുവഴി വര്‍ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. പരിശോധനയ്ക്കായി കഴിവുള്ള ഏജന്‍സിയെ കണ്ടെത്തും. കണ്ട്രോള്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം മന്ത്രാലയങ്ങള്‍ നടത്തി വരുന്ന പരിശോധനകള്‍ മന്ദഗതിയിലാണ്.
സര്‍ക്കാറിന് ലഭിക്കേണ്ട ഫീസുകളും മറ്റും കൃത്യമായി ലഭിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനു പുറമേ നഗര ഗ്രാമകാര്യ മന്ത്രാലയത്തിന്റെ പല പ്രവര്‍ത്തനങ്ങളും സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പെയ്ഡ് പാര്‍ക്കിംഗ് ഏരിയകള്‍ കൂടുതല്‍ ഭാഗങ്ങളില്‍ കൊണ്ടുവരും.
