സൗദിയില്‍ വീണ്ടും ഹൂത്തികളുടെ മിസൈല്‍ ആക്രമണം

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ഹൂത്തികളുടെ മിസൈല്‍ ആക്രമണം. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമാക്കി തൊടുത്തു വിട്ട മിസൈലുകള്‍ സൗദി തകര്‍ത്തു. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.

സൗദിയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമാക്കി ഏഴു തവണയാണ് ഇന്നലെ രാത്രി ഹൂത്തികളുടെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഏഴു മിസൈലുകളും ലക്ഷ്യസ്ഥാനത്തു എത്തുന്നതിനു മുമ്പ് സൗദി പ്രതിരോധ സേന തകര്‍ത്തു. സൗദി തലസ്ഥാനമായ റിയാദിനു നേരെ മൂന്നും, യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലേക്ക് രണ്ടും, ഖമീഷ് മുശൈത്ത് നജ്റാന്‍ എന്നീ സ്ഥലങ്ങളിലേക്ക് ഓരോന്ന്‍ വീതവും മിസൈലാക്രമണങ്ങള്‍ ഉണ്ടായി. ആക്രമണത്തില്‍ ഒരു ഈജിപ്ത് പൌരന്‍ മരണപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സാധാരണക്കാരെ ലക്ഷ്യമാക്കിയാണ് ആക്രമണം ഉണ്ടായതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. രാത്രി പതിനൊന്നു മണിയോടെയാണ് റിയാദിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായത്. വലിയ തോതിലുള്ള ശബ്ദവും വെളിച്ചവും അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ മുതല്‍ സൌദിക്ക് നേരെ പല തവണ യമനിലെ ഹൂത്തി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട്. നവംബര്‍ നാലിന് റിയാദ് വിമാനത്താവളത്തിനു നേരെയും ആക്രമണം ഉണ്ടായി. ഈ മിസൈല്‍ ഇറാനില്‍ നിര്‍മിച്ചതാണെന്ന് യു.എന്‍ രക്ഷാസമിതി നിയോഗിച്ച പാനല്‍ കണ്ടെത്തിയിരുന്നു. ഇറാന്റെ ശക്തമായ പിന്തുണ ഹൂതികള്‍ക്ക് ഉണ്ടെന്നു സൗദി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.